ആധാറിൽ മേൽവിലാസം പുതുക്കാൻ സ്വന്തം രേഖകൾ വേണമെന്നില്ല

ന്യൂഡൽഹി: ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ അനുമതിയുടെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങളുടെ ആധാർകാർഡിൽ ഓൺലൈനായി മേൽവിലാസം പുതുക്കാമെന്ന സൗകര്യവുമായി സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.ഐ.ഡി.എ.ഐ.).
അപേക്ഷയിൽ ഗൃഹനാഥനോ ഗൃഹനാഥയോ (ഹെഡ് ഓഫ് ഫാമിലി) 30 ദിവസത്തിനുള്ളിൽ തീരുമാനം രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ. സ്വന്തംപേരിൽ അനുബന്ധരേഖകളില്ലാത്തവർക്ക് മേൽവിലാസം പുതുക്കാനുള്ള സൗകര്യമെന്ന നിലയിലാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് യു.ഐ.ഡി.എ.ഐ. അറിയിച്ചു. കുടുംബനാഥൻ/ കുടുബനാഥയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
റേഷൻകാർഡ്, മാർക്ക് ഷീറ്റുകൾ, വിവാഹസർട്ടിഫിക്കറ്റ്, പാസ്പോർട്ട് തുടങ്ങിയ രേഖകൾ ഹാജരാക്കാം. തുടർന്ന്, ഒ.ടി.പി. അടിസ്ഥാനമാക്കിയുള്ള അനുമതി രേഖപ്പെടുത്തൽ നടപടികൾ സ്വീകരിക്കാം. അപേക്ഷകനുമായുള്ള ബന്ധം വ്യക്തമാക്കുന്നതിന് യു.ഐ.ഡി.എ.ഐ.യുടെ നിർദിഷ്ടരേഖയിൽ ഗൃഹനാഥൻ/ഗൃഹനാഥ സ്വയംവെളിപ്പെടുത്തൽ രേഖപ്പെടുത്തിയാൽ മതിയെന്നും വ്യവസ്ഥയുണ്ട്.
നാടുവിട്ട് സഞ്ചരിക്കേണ്ടിവരുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഈ തീരുമാനം സൗകര്യപ്രദമായിരിക്കുമെന്ന് കേന്ദ്ര ഐ.ടി. മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മേൽവിലാസം പുതുക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങൾക്കുപുറമേയാണ് പുതിയ സൗകര്യം. കുടുംബത്തിൽ 18 വയസ്സിനുമുകളിലുള്ള ഏതൊരാൾക്കും ഗൃഹനാഥൻ/ഗൃഹനാഥയാകാൻ കഴിയും.
മൈ ആധാർ പോർട്ടലിൽ ഇതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന്, ഗൃഹനാഥന്റെ/ ഗൃഹനാഥയുടെ ആധാർനമ്പർ രേഖപ്പെടുത്തണം. പ്രാഥമികപരിശോധനകൾക്കുശേഷം അപേക്ഷകൻ ബന്ധം തെളിയിക്കുന്ന രേഖ അപ്‌ലോഡ് ചെയ്യണം.
50 രൂപ ഫീസ് നൽകണം. തുടർന്ന്, സർവീസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. എസ്.എം.എസ്. സന്ദേശവും കിട്ടും. ഈ സന്ദേശം ലഭിച്ചശേഷം 30 ദിവസത്തിനുള്ളിൽ ഗൃഹനാഥൻ/ഗൃഹനാഥ മേൽവിലാസം പുതുക്കലിനുള്ള അനുമതി മൈ ആധാർ പോർട്ടൽ വഴി നൽകണമെന്നാണ് വ്യവസ്ഥ.