സ്‌കൂള്‍ കലോത്സവം കണ്ണൂര്‍ ഒന്നാം സ്ഥാനത്ത്

Share our post

സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടന്നു.രണ്ടാം ദിവസമായ ഇന്ന് നാടോടിനൃത്തവും നാടകവും ഹയര്‍സെക്കണ്ടറി വിഭാഗം മിമിക്രിയും ഉള്‍പ്പെടെയുള്ള ജനപ്രിയ കലാരൂപങ്ങള്‍ വേദിയിലെത്തുന്നത്. ആദ്യദിനത്തില്‍ 60 മത്സരങ്ങള്‍ പൂര്‍ത്തിയായി ഫലമെത്തിയപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കണ്ണൂര്‍ ജില്ലയാണ്.

രണ്ടാം സ്ഥാനത്ത് കോഴിക്കോട്. മൂന്നാം സ്ഥാനം കൊല്ലത്തിനാണ്. നിലവിലെ ചാമ്പ്യന്‍മാരായ പാലക്കാടിന് നാലാം സ്ഥാനം മാത്രമേയുള്ളൂ. കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യദിനത്തില്‍ 60 മത്സരങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ പോയിന്റ് നില.

സ്റ്റേജ് മത്സരങ്ങളും സ്റ്റേജിതര മത്സരങ്ങളും ഇന്ന് ഉണ്ടായിരിക്കും. പ്രധാന വേദിയായ അതിരാണിപ്പാടത്ത് രാവിലെ ആരംഭിക്കുന്ന ആണ്‍കുട്ടികളുടെ നാടോടി നൃത്തത്തോടെയാണ് മത്സരം ആരംഭിക്കുക. ജനപ്രിയ ഇനങ്ങള്‍ നടക്കുന്നതും ഇന്നാണ്. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ഒപ്പന മത്സരവും ഇന്നുണ്ടാകും.

ആരായിരിക്കും സ്വര്‍ണ്ണക്കപ്പ് ജേതാക്കള്‍ എന്ന് തീരുമാനിക്കുന്നതില്‍ ഇന്നത്തെ മത്സരങ്ങള്‍ നിര്‍ണായക പങ്കു വഹിക്കും. അതുപോലെ ഇന്ന് നടക്കുന്ന 60 ഇനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കുന്നുണ്ട്.

രാത്രി പത്ത് മണിക്കുള്ളില്‍ തന്നെ എല്ലാ ഇനങ്ങളും അവസാനിപ്പിക്കുക എന്നാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. കണ്ണൂരും കോഴിക്കോടും കൊല്ലവും പാലക്കാടും നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് ഒന്ന് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!