എല്ലാ മതപരിവര്‍ത്തനങ്ങളും നിയമ വിരുദ്ധമല്ല- സുപ്രീം കോടതി
ന്യൂഡല്‍ഹി: എല്ലാ മത പരിവര്‍ത്തനങ്ങളും നിയമവിരുദ്ധം അല്ലെന്ന് സുപ്രീം കോടതി. മതം മാറുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിരീക്ഷണം. ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ ജസ്റ്റിസ് മാരായ എം. ആര്‍ ഷാ, സി .ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വിസ്സമ്മതിച്ചു,
ഹൈക്കോടതി വിധിക്ക് എതിരെ മധ്യപ്രദേശ് സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. മതപരിവര്‍ത്തനം നടത്തിയ ശേഷമുള്ള വിവാഹങ്ങള്‍ വിലക്കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. വിവാഹത്തിനായി നടക്കുന്ന മതപരിവര്‍ത്തനം ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണമെന്ന് മാത്രമേ നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുള്ളുവെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
എന്നാല്‍, ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കേസിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി ഏഴിന് കേസില്‍ വിശദമായി വാദംകേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. മതംമാറുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന നിയമത്തിലെ വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കരുതെന്നായിരുന്നു ഹൈക്കോടതി വിധിച്ചിരുന്നത്.