കീറിയ ബാഗിൽ 15,000 രൂപ; തിരിച്ചേൽപിച്ച് ഓട്ടോഡ്രൈവർമാർ

തളിപ്പറമ്പ് : റോഡിൽ വാഹനങ്ങൾ കയറിയിറങ്ങി കീറിയ നിലയിൽ കണ്ട ബാഗ് വെറുതേ എടുത്ത് പരിശോധിച്ച നെല്ലിപ്പറമ്പിലെ ഓട്ടോഡ്രൈവർ കെ.ഗംഗാധരൻ കണ്ടത് 15000 ത്തോളം രൂപ. ബാഗിന്റെ അവകാശികളെ കണ്ടെത്തി ഇന്നലെ പോലീസ് സാന്നിധ്യത്തിൽ ഓട്ടോഡ്രൈവർമാർ ചേർന്ന് തിരിച്ചേൽപ്പിച്ചപ്പോൾ ബാഗിന്റെ ഉടമയ്ക്കും പണം തിരിച്ച് നൽകിയ ഓട്ടോഡ്രൈവർമാർക്കും പുതുവർഷം ആനന്ദത്തിന്റേതായി.
കപ്പാലത്തിനു സമീപത്തു വച്ചാണ് ഗംഗാധരൻ റോഡിൽ ബാഗ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഓട്ടോ ലേബർ യൂണിയൻ (സിഐടിയു) ഭാരവാഹികളെ അറിയിച്ചു.
ബാഗിൽ ഉടമയെ കുറിച്ചുള്ള വിവരങ്ങളില്ലാത്തതിനാൽ വിവിധ വാട്സാപ് ഗ്രൂപ്പുകളിൽ ഓട്ടോഡ്രൈവർമാർ വിവരം കൈമാറി. ഇത് കണ്ട് ബാഗിന്റെ ഉടമയായ തലവിലെ അധ്യാപകൻ ദാമോദരൻ ഇവരുമായി ബന്ധപ്പെടുകയായിരുന്നു.തലേന്ന് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ ബാഗ് താഴെ വീണതാണത്രെ. വിവരം പോലീസിലും അറിയിച്ചിരുന്നു. തുടർന്ന് ദാമോദരന്റെ മകനെത്തി പൊലീസ് സാന്നിധ്യത്തിൽ ബാഗ് ഏറ്റുവാങ്ങി.