10 ദിവസം 1.22 ലക്ഷം സഞ്ചാരികള്‍, 61.83 ലക്ഷം വരുമാനം; അവധിക്കാലത്ത് കോളടിച്ച് വയനാട്

Share our post

ക്രിസ്മസ്പുതുവത്സര സീസണില്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി സഞ്ചാരികള്‍. പൂക്കോട് തടാകം, കര്‍ളാട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം, കാന്തന്‍പാറ, എടയ്ക്കല്‍ ഗുഹ, മാനന്തവാടി പഴശ്ശിപാര്‍ക്ക് എന്നിവിടങ്ങളിലെ കണക്കുപ്രകാരം 1.22 ലക്ഷം സഞ്ചാരികളാണ് എത്തിയത്.

61.83 ലക്ഷം രൂപ വരുമാനവും ലഭിച്ചു. ഡിസംബര്‍ 20 മുതല്‍ 31 വരെയുള്ള കണക്കാണിത്. ബാക്കി വിനോദസഞ്ചാരകേന്ദ്രങ്ങളിലെ കണക്കുകള്‍കൂടി വരുമ്പോള്‍ വരുമാനം ഇപ്പോഴുള്ളതിനെക്കാള്‍ ഇരട്ടിയാവും.

ഡിസംബര്‍ 23 മുതല്‍ 31 വരെയാണ് ഏറ്റവുംകൂടുതല്‍ സഞ്ചാരികള്‍ എത്തിയത്. ഇതില്‍തന്നെ 25 മുതല്‍ 27 തീയതികളിലാണ് കൂടുതല്‍ തിരക്കെന്ന് ഡി.ടി.പി.സി. അധികൃതര്‍ പറഞ്ഞു. പുതുവത്സരദിനത്തിലും മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളിലും രാവിലെ മുതല്‍തന്നെ തിരക്കായിരുന്നു. 25, 26 തീയതികളില്‍ കര്‍ളാട് തടാകത്തില്‍ രണ്ടുലക്ഷംരൂപയ്ക്കുമുകളില്‍ വരുമാനം ലഭിച്ചു.

ബാണാസുര സാഗര്‍ഡാം, പൂക്കോട് തടാകം, കര്‍ളാട് തടാകം, കാന്തന്‍പാറ വെള്ളച്ചാട്ടം, സൂചിപ്പാറ വെള്ളച്ചാട്ടം, ചീങ്ങേരി ട്രക്കിങ്, വയനാട് ഹെറിറ്റേജ് മ്യൂസിയം, എന്‍ ഊര്, കുറുവാദ്വീപ്, എടയ്ക്കല്‍ എന്നിവിടങ്ങളിലെല്ലാം കൂടുതല്‍ സഞ്ചാരികളെത്തി. എന്‍ഊരില്‍ പ്രതിദിനം 2000 പേര്‍ക്കും എടയ്ക്കല്‍ഗുഹയില്‍ 1920 പേര്‍ക്കും കുറുവാദ്വീപില്‍ 1150 പേര്‍ക്കുമാണ് പ്രവേശനം. എന്നാല്‍ ഇതില്‍ കൂടുതല്‍ ആളുകള്‍ എത്തി.

കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ളവരും വിദേശികളുമെത്തി. ഞായറാഴ്ചയും പൂക്കോട് തടാകം, ബാണാസുര സാഗര്‍ ഡാം തുടങ്ങിയ ഇടങ്ങളില്‍ ബോട്ട് സവാരി നടത്താന്‍ സഞ്ചാരികളുടെ തിരക്കായിരുന്നു. ചുരത്തിലെ ഗതാഗത തടസ്സംകാരണം ദൂരസ്ഥലങ്ങളില്‍ നിന്നെത്തിയ സഞ്ചാരികള്‍ക്ക് കൃത്യസമയത്ത് എത്താന്‍ കഴിഞ്ഞില്ല.

സഞ്ചാരികളുടെ വരവിനെയും ചുരം കുരുക്ക് ബാധിച്ചു. യാത്രാക്ലേശം കണക്കിലെടുത്ത് വരാന്‍മടിച്ചവരും ബുക്കിങ് ക്യാന്‍സല്‍ചെയ്തവരുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!