ശ്രീലങ്കന്‍ അധോലോക കുറ്റവാളി രാമേശ്വരത്തേക്ക് കടന്നു; തമിഴ്നാട്ടില്‍ ജാഗ്രത

ചെന്നൈ: ശ്രീലങ്കയിലെ കുപ്രസിദ്ധ അധോലോക കുറ്റവാളി മുഹമ്മദ് നജീം മുഹമ്മദ് ഇമ്രാന്‍ കടല്‍ക്കടന്ന് രാമേശ്വരത്ത് എത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തമിഴ്നാട് പോലീസ് ജാഗ്രതയില്‍. അന്താരാഷ്ട്ര മയക്കുമരുന്നുസംഘങ്ങളുമായി ബന്ധമുള്ള ഇയാള്‍ ശ്രീലങ്കന്‍ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
കഞ്ചിപ്പാനി ഇമ്രാന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഇമ്രാന്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ വേരുകളുള്ള മയക്കുമരുന്ന് ഇടപാടുകാരനാണ്. പാകിസ്താനിലെ ഹാജിഅലി ശൃംഖലയുമായും ശ്രീലങ്കയിലെ ഗുണശൃംഖലയുമായും അടുത്തബന്ധമുണ്ട്. കള്ളക്കടത്തുകേസുകളിലും കൊലക്കേസുകളിലും നിയമനടപടി നേരിടുന്ന ഇമ്രാനെ ദുബായില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് 2019-ലാണ് ശ്രീലങ്കയിലേക്ക് നാടുകടത്തിയത്. അവിടെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നെങ്കിലും കഴിഞ്ഞയാഴ്ച ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.
ഏതാനും കൂട്ടാളികള്‍ക്കൊപ്പം ഇമ്രാന്‍ ഡിസംബര്‍ 25-ന് രാമേശ്വരത്ത് എത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കിട്ടിയ വിവരം. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ വേഷംമാറി തലൈമാന്നാറിലെത്തിയ ഇയാള്‍ അവിടെനിന്ന് ബോട്ടുമാര്‍ഗം രാമേശ്വരത്തെത്തി എന്നാണ് പറയുന്നത്. ഇയാളുടെയും കൂട്ടാളികളുടെയും ഒളിത്താവളം കണ്ടെത്തുന്നതിന് തമിഴ്നാടിന്റെ തീരദേശമേഖലകളില്‍ പരിശോധന നടത്താന്‍ സുരക്ഷാഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തമിഴ്നാട് കേന്ദ്രീകരിച്ച് എല്‍.ടി.ടി.ഇ. പുനരേകീകരണത്തിന് ശ്രമമുണ്ടെന്നും അതിനുള്ള പണം കണ്ടെത്തുന്നതിന് മയക്കുമരുന്നുകടത്തിനെ ആശ്രയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തിലെ വിഴിഞ്ഞത്ത് ആയുധങ്ങളും മയക്കുമരുന്നുമായി പിടിച്ച ശ്രീലങ്കന്‍ബോട്ടിലുണ്ടായിരുന്നവര്‍ക്ക് ഗുണശൃംഖലയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഗുണശൃംഖലയുടെ തലവനായ ഗുണശേഖരനുമായി അടുത്തബന്ധമുള്ള ഇമ്രാന്റെ സാന്നിധ്യം അതുകൊണ്ടുതന്നെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അധികൃതര്‍ കരുതുന്നു.
മയക്കുമരുന്നുകടത്തിനു പുറമേ കൊലക്കേസുകളിലും പ്രതിസ്ഥാനത്തുള്ളയാളാണ് കഞ്ചിപ്പാനി ഇമ്രാന്‍. പോലീസ് ഓഫീസറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരേ ശ്രീലങ്കയിലെ ഭീകരവിരുദ്ധ കുറ്റം (പി.ടി.എ) ചുമത്തിയിരുന്നു. എന്നാല്‍, അടുത്തയിടെ പോലീസ് ആ വകുപ്പ് ഒഴിവാക്കി. അതുകൊണ്ടാണ് ജാമ്യം ലഭിച്ചത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയാലുടന്‍ ഇമ്രാന്‍ ഇന്ത്യയിലേക്ക് കടക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇമ്രാന്‍ രക്ഷപ്പെട്ടകാര്യം ശ്രീലങ്ക ഔപചാരികമായി ഇതുവരെ ഇന്ത്യയെ അറിയിച്ചിട്ടില്ല.