ബെനഡിക്ട് പാപ്പയ്ക്ക് വിട: അന്ത്യശുശ്രൂഷ വ്യാഴാഴ്ച

വത്തിക്കാൻ സിറ്റി: ശനിയാഴ്ച അന്തരിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനുവെക്കും. പൊതുദർദശനം മൂന്നുദിവസമുണ്ടാകും. വ്യാഴാഴ്ചയാണ് സംസ്കാരം. ഇറ്റാലിയൻ സമയം രാവിലെ 9.30-ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ട്) ആരംഭിക്കുന്ന അന്ത്യകർമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
ബെനഡിക്ട് പതിനാറാമനെ പുതുവത്സരദിന പ്രാർഥനയിൽ ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചു. “ഈ ലോകത്തിൽനിന്ന് ദൈവത്തിനടുത്തേക്കുള്ള യാത്രയിൽ കൂട്ടായിരിക്കാൻ പ്രിയപ്പെട്ട ഇമെരിറ്റസ് പാപ്പ ബെനഡിക്ട് പതിനാറാമനെ പരിശുദ്ധ മാതാവിനെ ഏൽപ്പിക്കുന്നു”വെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു.
ബെനഡിക്ട് പാപ്പയുടെ അന്ത്യകർമങ്ങൾ ലളിതമായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പാപ്പാമാരുടെ ശവകുടീരത്തിലായിരിക്കും അദ്ദേഹത്തിന്റെ അന്ത്യവിശ്രമം.
2005-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ വിവിധ രാഷ്ട്രങ്ങളുടെ ഭരണാധികാരികളും ലക്ഷക്കണക്കിനു വിശ്വാസികളുമെത്തിയിരുന്നു.
അനുസ്മരിച്ച് നേതാക്കൾ
ബെനഡിക്ട് പതിനാറാമന്റെ വിയോഗത്തിൽ വിവിധ രാഷ്ട്രനേതാക്കൾ അനുശോചിച്ചു. സഭയോടുള്ള അദ്ദേഹത്തിന്റെ അർപ്പണത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പ്രകീർത്തിച്ചു. പരമ്പരാഗത ക്രൈസ്തവമൂല്യങ്ങളുടെ സംരക്ഷകനായിരുന്നു പാപ്പയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ പറഞ്ഞു.
സാർവത്രിക മൂല്യങ്ങൾ പ്രോത്സാഹിപ്പിച്ച വ്യക്തിയായിരുന്നു ബെനഡിക്ടെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു. സമൂഹത്തിനു ചെയ്ത സേവനങ്ങളുടെ പേരിൽ അദ്ദേഹം ഓർക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങി ഒട്ടേറെ നേതാക്കൾ അനുശോചിച്ചു.
പ്രിയപുത്രന് അഞ്ജലിയേകി മാർക്റ്റ്‌ൽ
മാർക്റ്റ്‌ൽ: ജർമനിയിലെ ബവേറിയയിലുള്ള മാർക്റ്റ്‌ൽ എന്ന ചെറുപട്ടണം ശനിയാഴ്ചമുതൽ പ്രാർഥനയിലും വിലാപത്തിലുമാണ്. ഇവിടെയാണ് അന്തരിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 1927-ൽ ജനിച്ചത്. ആ വീട് ഇന്ന് മ്യൂസിയം. അതിനടുത്താണ് ടൗൺഹാൾ. ഏതാനും ചുവടുവെച്ചാൽ പാപ്പ മാമ്മോദീസ മുങ്ങിയ സെയ്ന്റ് ഓസ്വാൾഡ് പള്ളി.
ഇവിടെയെല്ലാം വത്തിക്കാന്റെ പതാകയ്ക്കൊപ്പം കറുത്ത റിബ്ബണുകൾ തൂക്കിയിരിക്കുന്നു. ടൗൺഹാളിനടുത്തുള്ള ബെനഡിക്ട് തൂണിനു ചുവട്ടിൽ കത്തിയെരിയുന്ന തിരികൾ. പള്ളിക്കുള്ളിൽ ബെനഡിക്ടിന്റെ ചിത്രത്തിനുമുന്നിലും തിരികത്തുന്നു. ആകെ 2800 പേർ പാർക്കുന്ന മാർക്റ്റ്‌ലിന്റെ പ്രിയപുത്രനാണ് ബെനഡിക്ട്.
അദ്ദേഹത്തോടുള്ള ആദരവിന്റെ പ്രതീകമായി ബവേറിയയിലെ എല്ലാ ഔദ്യോഗിക മന്ദിരങ്ങളിലും പതാക പകുതി താഴ്ത്തിക്കെട്ടി. ജർമനിയിലും അയൽരാജ്യമായ ഓസ്ട്രിയയിലും നിന്ന് കത്തോലിക്കർ മാർക്റ്റലിലെത്തി പാപ്പയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുന്നു.സെയ്റ്റ് ഓസ്വാൾഡ് പള്ളിയിൽ ശനിയാഴ്ച ബെനഡിക്ട് പാപ്പയ്ക്കുവേണ്ടി പ്രത്യേക പ്രാർഥനകൾ നടന്നു.