ഓർ‌ഡർ ചെയ്ത ബിരിയാണിയിൽ മുട്ടയും പപ്പടവുമില്ലാത്തതിന്റെ പേരിൽ ക്രൂരമ‌ർദ്ദനം; ഹോട്ടൽ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

Share our post

തൃശ്ശൂർ: ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും നൽകിയില്ല എന്ന പേരിൽ ഹോട്ടൽ ഉടമകളായ ദമ്പതികളെ ക്രൂരമായി മർദ്ദിച്ചു. ചൂണ്ടലിൽ കറി ആൻഡ് കോ എന്ന പേരിൽ ഹോട്ടൽ നടത്തി വരുന്ന തിരുവനന്തപുരം സ്വദേശിയായ സുധി (42) ഭാര്യ ദിവ്യ (40) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ നിലവിൽ കേച്ചേരി തൂവാനൂരിലാണ് താമസിച്ച് വരുന്നത്.

ഓർഡർ ചെയ്ത ബിരിയാണിയിൽ വിഭവങ്ങൾ കുറവാണെന്നും കൈകഴുകുന്ന സ്ഥലത്തിന് വൃത്തിക്കുറവുണ്ടെന്നും എന്നതിന്റെ പേരിലുണ്ടായ തർക്കമാണ് ഇവർക്ക് മർദ്ദനമേൽക്കുന്നതിലേയ്ക്ക് വഴിവെച്ചത്. ഇരുപ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിയേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം പുതുശ്ശേരി സ്വദേശിയായ യുവാവ് ദമ്പതികളുടെ ഹോട്ടലിലെത്തി ബിരിയാണി ഓർഡർ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ബിരിയാണിയിൽ മുട്ടയും പപ്പടവും വേണമെന്ന് ഇയാൾ ആവശ്യപ്പെടുകയും ദിവ്യ അത് നൽകുകയും ചെയ്തു. പിന്നീട് കൈകഴുകുന്ന സ്ഥലം വൃത്തിഹീനമാണെന്ന് പറഞ്ഞ് യുവതിയുമായി തർക്കത്തിലേർപ്പെടുകയും മുഖത്തടിക്കുകയും ചെയ്തെന്നുമാണ് വിവരം. സംഭവം സുധി ചോദ്യം ചെയ്തതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

ഇയാളെ പിന്തുടരുന്നതിനിടയിലാണ് സുധിയ്ക്ക് തലയ്ക്കടിയേറ്റത്. സമീപത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് കൈക്കലാക്കി ആക്രമിക്കുകയായിരുന്നു എന്നാണ് ദമ്പതികൾ ആരോപിക്കുന്നത്.ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റ സുധിയ്ക്ക് തലയിൽ എട്ടോളം തുന്നിക്കെട്ടലുകളുണ്ട്.

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ദമ്പതികൾ ചൂണ്ടൽ പുതുശ്ശേരി സ്വദേശിയാണ് ആക്രമണത്തിന് പിന്നിലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ കുന്നംകുളം പൊലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!