ഹര്‍ത്താല്‍: ഒളിവില്‍പോയ കണ്ണൂരിലെ PFI നേതാവിനെ പോലീസ് പിടികൂടിയത് മലപ്പുറത്തുനിന്ന്

പയ്യന്നൂര്‍(കണ്ണൂര്‍): പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ പയ്യന്നൂരില്‍ കടകളടപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുങ്ങിനടന്നിരുന്ന പി.എഫ്.ഐ. മുന്‍ ഏരിയാ പ്രസിഡന്റ് അറസ്റ്റില്‍. പഴയങ്ങാടി ഏരിയാ പ്രസിഡന്റ് രാമന്തളി വടക്കുമ്പാട് സ്വദേശി അറുമാടി ഹൗസില്‍ മുഹമ്മദ് അബ്ദുള്ള(31)യെയാണ് പോലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബര്‍ 23-ന് ഹര്‍ത്താല്‍ ദിനത്തില്‍ കടകളടപ്പിക്കാന്‍ തയ്യാറാവാത്തവരെ ഒരുസംഘം ഭീഷണിപ്പെടുത്തിയതോടെ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയും പിന്നീട് വാക്കേറ്റവും കയ്യാങ്കളിയുമായി മാറുകയുമായിരുന്നു. നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ഹര്‍ത്താലനുകൂലികളെ അടിച്ചോടിച്ച സംഭവവുമുണ്ടായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് നാലുപേരെ പിടികൂടി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തതില്‍നിന്നാണ് കൂടെയുണ്ടായിരുന്നവരെപ്പറ്റിയുള്ള വിവരം പോലീസിന് ലഭിച്ചത്. പോലീസ് ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയെങ്കിലും പിടികൂടാന്‍ പറ്റിയിരുന്നില്ല.
അതിനിടെയാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രന്റെ നിര്‍ദേശപ്രകാരം എസ്.ഐ. പി. വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് അബ്ദുള്ളയെ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മലപ്പുറം കാടാമ്പുഴയിലെ വീട്ടില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ പിടികൂടിയത്