ഇതിഹാസത്തിന് സങ്കടപ്പൂക്കളർപ്പിച്ച് മൊസ്യേ പനങ്ങാടിയൻ

മയ്യഴി: ഫുട്‌ബോൾ ഇതിഹാസം പെലെക്ക് ലോകം വിടനൽകുമ്പോൾ കാൽപന്തിന്റെ ആ ഇന്ദ്രജാലത്തിന് സാക്ഷിയായ ഒരു ഫ്രഞ്ചുകാരനുണ്ട് മയ്യഴിപ്പുഴയുടെ തീരത്ത്. സിവിൽ സ്‌റ്റേഷനടുത്ത മൊസ്യേ പനങ്ങാടിയൻ എന്ന പനങ്ങാടൻ ബാലൻ. പാരീസിലെ പാർക്ക് ദ ഫ്രാൻസ് സ്‌റ്റേഡിയത്തിലിരുന്ന് പത്തൊമ്പതുകാരനായ പെലെയുടെ കളികണ്ട ഓർമ മയ്യഴി സ്വദേശി ബാലന്റെ മനസിൽ ഇന്നും മായാതെയുണ്ട്.
അൾജീരിയയിൽനിന്ന് പാരീസിലെത്തിയാണ് 1959ൽ പെലേയുടെ കളികണ്ടതെന്ന് ബാലേട്ടൻ ഓർക്കുന്നു. ഇതിനും മുമ്പേ പെലേ ലോകകപ്പിൽ മുത്തമിട്ടിരുന്നു. 1950കളിൽ ഫ്രഞ്ച് മിലിറ്ററിയിൽ ചേർന്ന മൊസ്യേ പനങ്ങാടിയൻ 1970ൽ നാട്ടിലേക്ക് മടങ്ങി. ‘ഫുട്‌ബോൾ ദൈവത്തെ’ നേരിൽ കണ്ടതിന്റെ ആഹ്ലാദവും അഭിമാനവും പലരോടും അദ്ദേഹം പങ്കിടാറുണ്ട്.
ഫുട്ബോളിനോടുള്ള അഭിനിവേശം മാഹി സ്പോട്സ് ക്ലബ്ബിൽനിന്ന് തുടങ്ങിയതാണെന്ന് ബാലേട്ടൻ പറഞ്ഞു. പെലേയിലൂടെ അത് വികസിച്ചു.
വൻതാരങ്ങൾ പിറക്കുകയും അസ്‌തമിക്കുകയും ചെയ്യുന്ന കാൽപന്തുകളിയുടെ ലോകത്തുനിന്ന് മൂന്ന് ലോകകപ്പ് കിരീടവും എണ്ണമറ്റ ഗോളുകളും സ്വന്തം പേരിൽ കുറിച്ച് പെലെ മടങ്ങുമ്പോൾ കൂപ്പുകൈയോടെ ഫ്രഞ്ച് പൗരനായ ഈ മലയാളി യാത്ര ചൊല്ലുകയാണ്.