അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി , ‘കലോത്സവങ്ങളെ ആഡംബരത്തിന്റെയും കിടമത്സരത്തിന്റെയും വേദിയാക്കരുത്’

Share our post

കൊച്ചി: കലോത്സവങ്ങളെ ആഡംബരത്തിന്റെയും കിടമത്സരത്തിന്റെയും വേദിയാക്കരുതെന്ന് ഹൈക്കോടതി. കഴിവുണ്ടായിട്ടും കലോത്സവത്തിൽ പങ്കെടുക്കാനുള്ള ചെലവു താങ്ങാനാവാത്തതിനാൽ മാറിനിൽക്കുന്ന കുട്ടികൾ സമൂഹത്തിന്റെ താഴേത്തട്ടിലുണ്ടെന്ന് ഓർക്കണം. മത്സരങ്ങളിൽ വിജയിക്കുക എന്നതിനെക്കാൾ പ്രധാനം പങ്കെടുക്കുകയെന്നതാണ്. പരാജയത്തെ നേരിടാനും കുട്ടികളെ മാതാപിതാക്കൾ സജ്ജരാക്കണം. മത്സരങ്ങളുടെ കാര്യത്തിൽ രക്ഷിതാക്കളുടെ അനാവശ്യ ആശങ്ക കുട്ടികളെ ചിലപ്പോൾ വിഷാദത്തിലേക്ക് തള്ളിവിടുമെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമൻ മുന്നറിയിപ്പു നൽകി.

ജില്ലാതല സ്കൂൾ കലോത്സവത്തിലെ വിധി നിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് ഒരുകൂട്ടം വിദ്യാർത്ഥികൾ നൽകിയ ഹർജികൾ തള്ളിയാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്.മത്സരങ്ങളിൽ വിജയിച്ചവരെക്കാൾ ഒട്ടും കഴിവു കുറഞ്ഞവരല്ല ഹർജിക്കാർ. ഗ്രേസ് മാർക്ക്, കൾച്ചറൽ സ്കോളർഷിപ്പ് തുടങ്ങിയവയുടെ ആകർഷണം, രക്ഷിതാക്കളുടെ അനാവശ്യ ഉത്‌കണ്ഠ തുടങ്ങിയവയാണ് മിക്ക കേസുകളിലും അപ്പീൽ നൽകാൻ കാരണം.

അദ്ധ്യയന ദിനങ്ങളെ ബാധിക്കാത്ത തരത്തിലാണ് സ്കൂൾ കലോത്സവങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അപ്പീൽ കമ്മിറ്റിയുടെ തീരുമാനം അന്തിമമാക്കിയില്ലെങ്കിൽ ഷെഡ്യൂൾ തെറ്റും. അദ്ധ്യയന ദിനങ്ങളെ ബാധിക്കും. കലോത്സവങ്ങളിലെ പ്രകടനം വിലയിരുത്താനും വിധി നിർണയം പുനഃപരിശോധിക്കാനും കോടതികൾക്ക് കഴിയില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.æ അത്യാഹിതമില്ലെന്ന് ഉറപ്പാക്കണംകലോത്സവ സ്റ്റേജുകളിൽ കുട്ടികൾക്ക് അത്യാഹിതം സംഭവിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

ആണികളും വളപ്പൊട്ടുകളുമൊക്കെ വീണുകിടക്കുന്നതും സ്റ്റേജുകൾ തയ്യാറാക്കുന്നതിലെ പിഴവുകളും കുട്ടികളെ അപക‌ടത്തിൽപ്പെടുത്തും. അപകടമുണ്ടായാൽ സ്റ്റേജ് മാനേജർമാരും സംഘാടകരുമാണ് ഉത്തരവാദികൾ. ഇവർക്കെതിരെ ഉചിതമായ നടപടിയെടുക്കണം. ബാലനീതി നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് സ്റ്റേജിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പു നൽകണം. കലോത്സവത്തിന്റെ നിയമാവലിയിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!