56 വീടുകളിൽ എൻ.ഐ.എ റെയ്ഡ്,​ നാല് പോപ്പുലർ ഫ്രണ്ട് നേതാക്കളെ പൊക്കി

Share our post

ആയുധമുൾപ്പെടെ പിടിച്ചെടുത്തു നിരോധിച്ചിട്ടും സംഘടന സജീവംകൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനത്തെ 56 നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ നടത്തിയ റെയ്ഡിൽ നാലുപേരെ കസ്റ്റഡിയിലെടുത്തു. ആയുധങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിലെ സഹോദരന്മാരുൾപ്പെടെ മൂന്നുപേരും കൊച്ചി വൈപ്പിൻ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്.

നിരോധന ശേഷവും സമൂഹമാദ്ധ്യമങ്ങളിൽ രഹസ്യകൂട്ടായ്മകളുണ്ടാക്കി സജീവമാണെന്നും വിദേശത്തു നിന്നുൾപ്പെടെ പണം സ്വീകരിക്കുന്നുണ്ടെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് റെയ്ഡ്.കഴിഞ്ഞ സെപ്തംബർ 22ന് 24 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിന്റെ തുടർച്ചയാണ് ഇന്നലെ നടന്നത്. അന്ന് 13 മുൻനിര നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കാൻ ആസൂത്രണം നടത്തുകയും പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.സംസ്ഥാന പൊലീസിന്റെ സഹായത്തോടെ ബുധനാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് ഇന്നലെ വൈകിട്ടാണ് പൂർത്തിയായത്.

കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നടത്തിയ റെയ്ഡിൽ ഡൽഹി, മുംബയ് യൂണിറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.വൈപ്പിൻ എടവനക്കാട് സ്വദേശി മുബാറക്, തിരുവനന്തപുരം വിതുര തൊളിക്കാട് സ്വദേശികളും സഹോദരന്മാരുമായ സുൽഫി, സുധീർ, ഇവരുടെ ജോലിക്കാരൻ കരമന സ്വദേശി സലിം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എൻ.ഐ.എ കൊച്ചി ഓഫീസിലെത്തിച്ച ഇവരെ ചോദ്യം ചെയ്യുകയാണ്. മൂർച്ചയേറിയ ആയുധങ്ങൾ, ഇലക്ട്രോണിക് രേഖകൾ, മൊബൈൽ ഫോണുകൾ, ലഘുലേഖകൾ എന്നിവയാണ് പിടിച്ചെടുത്തത്.രണ്ടാംനിര നേതാക്കളെയാണ് ഇന്നലെ ലക്ഷ്യംവച്ചത്.

ഏഴ് സംസ്ഥാന നിർവാഹകസമിതി അംഗങ്ങൾ, ഏഴ് മേഖലാ ഭാരവാഹികൾ, 15 ശാരീരിക പരിശീലകർ, കത്തികളും വാളുകളും കൊടുവാളുകളും ഉപയോഗിക്കാൻ പരിശീലനം നേടിയ ഏഴ് പ്രവർത്തകർ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്.എറണാകുളം ജില്ലയിൽ 13 സ്ഥലങ്ങളിലും തിരുവനന്തപുരത്ത് മൂന്നിടത്തും റെയ്ഡ് നടന്നു.പത്തനംതിട്ട 3,​ കോട്ടയം 2,​ ആലപ്പുഴ 3,​ തൃശൂർ 2,​ പാലക്കാട് 1,​ മലപ്പുറം 7,​ കോഴിക്കോട് 4,​ കണ്ണൂർ 9,​വയനാട് 6 എന്നിങ്ങനെയാണ് റെയ്ഡ് നടന്ന മറ്റു വീടുകൾ.ആലുവയിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളായിരുന്ന മുഹ്സിൻ, ഫായിസ്, മൂവാറ്റുപുഴയിൽ മുൻ സംസ്ഥാന സെക്രട്ടറി എ.കെ. അഷ്‌റഫ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്.

പത്തനംതിട്ടയിൽ സംസ്ഥാന സമിതി അംഗങ്ങളായിരുന്ന നിസാർ, സജീവ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി. മലപ്പുറത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഒ.എം.എ. സലാമിന്റെ സഹോദരന്റെ മഞ്ചേരിയിലെ വീട്ടിലുൾപ്പെടെയും റെയ്ഡ് നടത്തി.സംസ്ഥാന പൊലീസിനെവിളിച്ചു,​ വിവരം ചോർന്നു?​അതേസമയം,​ സംസ്ഥാന പൊലീസിനെ സഹകരിപ്പിച്ചതോടെ റെയ്ഡ് വിവരം ചോർന്നെന്ന് എൻ.ഐ.എ സംശയിക്കുന്നു. പല നേതാക്കളും വീടുകളിൽ നിന്ന് മുങ്ങിയിരുന്നു.

ഇത് പൊലീസിൽ നിന്ന് വിവരം ചോർന്നതിനെ തുടർന്നാണോ എന്ന് അന്വേഷിക്കും. തൊളിക്കോട് കണ്ണങ്കരയിൽ സുൽഫിയുടെ കാര്യം ഈ സംശയം ശരിവയ്ക്കുന്നതാണ്. റെയ്ഡിനായി എൻ.ഐ.എ വെളുപ്പിനെത്തുമ്പോൾ ഇയാൾ മുങ്ങിയിരുന്നു. വീട്ടിൽ കാത്തിരുന്ന സംഘം ഉച്ചയോടെ ഇയാൾ തിരിച്ചെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ സെപ്തംബറിൽ സി.ഐ.എസ്.എഫ് കാവലിലാണ് റെയ്ഡ് നടത്തിയത്. അന്ന് ലക്ഷ്യമിട്ട നേതാക്കളെയെല്ലാം വീടുവളഞ്ഞ് പിടികൂടാനായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!