ലഹരിയുടെ അതിപ്രസരം: കണ്ണൂരിൽ പൊലീസ് ജാഗ്രതയിൽ

Share our post

കണ്ണൂർ: പുതുവത്സര ആഘോഷങ്ങൾക്ക് ഹരം പകരാൻ വ്യത്യസ്ത ലഹരി വസ്തുക്കൾ വിപണിയിലെത്തിക്കാൻ മാഫിയകൾ തയ്യാറെടുക്കുമ്പോൾ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരി കടത്തുകാർ ഉള്ള ജില്ലയാണ് കണ്ണൂർ. സംസ്ഥാനത്തെ 1681 ലഹരി കടത്തുകാരിൽ 465 പേർ കണ്ണൂരാണ്. ബംഗളൂരു,​ മംഗളൂരു,​ ആന്ധ്ര,​ ഒറീസ എന്നിവിടങ്ങളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കൂടുതലായി എത്തുന്നത്.

കൊറിയർ, പാഴ്‌സൽ സർവീസ്, പച്ചക്കറി വാഹനങ്ങൾ എന്നിവ ഉപയോഗിച്ച് കടത്തുന്ന ലഹരി വസ്തുക്കളുടെ വിൽപന കൂടുതലും നടക്കുന്നത് വാട്സാപ്പ് വഴിയാണ്. വിദ്യാർത്ഥികളെയും സ്ത്രീകളെയുമുൾപ്പെടെ കാരിയർമാരാക്കിയും ​വിപണനം നടക്കുന്നു.മാർച്ചിൽ രണ്ട് കിലോയോളം എം.ഡി.എം.എ ജില്ലയിൽ നിന്ന് പിടികൂടിയത് കേരളത്തിൽ അതുവരെയുള്ള ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു. കഴിഞ്ഞ മാസമാണ് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ തലശ്ശേരിയിൽ രണ്ട് പേർ കൊല്ലപ്പെട്ടത്.

സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് കഞ്ചാവും പുകയില ഉല്‍പന്നങ്ങളും മദ്യവും പിടികൂടിയ സാഹചര്യവും ഉണ്ടായി. കഞ്ചാവ്,​ ബ്രൗൺ ഷുഗർ,​ ഹാഷിഷ് ഓയിൽ,​ എം.ഡി.എം.എ, തുടങ്ങി എല്ലാ വിധത്തിലുമുള്ള ലഹരി ഉത്പന്നങ്ങൾ ജില്ലയിലേക്ക് എത്തുന്നുണ്ട്. കടകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി ഹാൻസ് ,​ കൂൾലിപ് പോലെയുള്ള വസ്തുക്കളും വ്യാപകമായി വിൽക്കപ്പെടുന്നു. രണ്ട് ദിവസം മുൻപ് ഇത്തരത്തിലുള്ള അഞ്ഞൂറ്റിയൻപതിലധികം ലഹരി വസ്തുക്കളുടെ പായ്ക്കറ്റുകളാണ് മട്ടന്നൂരിൽ നിന്ന് പിടികൂടിയത്.

അതേസമയം എസ്.പി.സി കേഡറ്റുകളുടെയും ജനമൈത്രി പൊലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്‌കൂളുകളിൽ ബോധവത്കരണ ക്യാമ്പയിനും പൊതുവായ സ്പെഷ്യൽ ഡ്രൈവുകളും നടക്കുന്നുണ്ട്. ജില്ലയിലേക്ക് വരുന്ന ലഹരി വസ്തുക്കൾ പിടികൂടാൻ ശക്തമായ നിരീക്ഷണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ഒക്ടോബർ വരെയുള്ള കണക്കു പ്രകാരം ലഹരി കടത്തുകാരും ചില്ലറ വിൽപ്പനക്കാരും കാരിയർമാരുമുൾപ്പെടെ 24,779 പേരെയാണ് സംസ്ഥാനത്ത് അറസ്റ്റ് ചെയ്തത്.

പരിശോധന ശക്തമാക്കുംപുതുവർഷത്തോടനുബന്ധിച്ച് എല്ലാ ദിവസവും പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവുകൾ ഉണ്ടാകും. ലഹരി മരുന്ന് വിതരണക്കാരെ കണ്ടെത്തി അറസ്‌റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. രഹസ്യ വിവരം ലഭിക്കുന്നതനുസരിച്ചും സംശയം തോന്നുന്ന സ്ഥലങ്ങൾ,​ ആളുകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തും.രാജൻ.കെ.കെ – പബ്ളിക് റിലേഷൻ ഓഫീസർ – കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!