വീണ്ടും വില്ലനായി കഫ് സിറപ്‌ , 18 കുട്ടികള്‍ മരിച്ചെന്ന് ഉസ്‌ബക്കിസ്ഥാൻ ; ഇന്ത്യൻ മരുന്ന്‌ വ്യവസായത്തിന്‌ തിരിച്ചടി

Share our post

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഗാമ്പിയയിൽ എഴുപത്‌ കുട്ടികൾ മരിച്ചതിന്‌ പിന്നാലെ ഇന്ത്യന്‍ നിർമിത ചുമ മരുന്ന്‌ കഴിച്ച്‌ ഉസ്‌ബക്കിസ്ഥാനിലും 18 കുട്ടികൾ മരിച്ചത്‌ രാജ്യത്തെ മരുന്നുനിർമാണ വ്യവസായത്തിന്റെ വിശ്വാസ്യത ആ​ഗോളതലത്തില്‍ ഇടിച്ചു. ലോകത്തിന്റെയാകെ മരുന്നുകടയായി മാറുമെന്ന്‌ മോദി സർക്കാർ അവകാശപ്പെടുമ്പോഴാണ്‌ രാജ്യത്തിന്‌ നാണക്കേടാകുന്ന ദുരന്തങ്ങളുടെ ആവർത്തനം.

ഗാമ്പിയയിൽ ദുരന്തത്തിനിടയാക്കിയ ചുമ മരുന്ന്‌ ഉൽപ്പാദിപ്പിച്ചത്‌ ഹരിയാന കേന്ദ്രീകരിച്ചുള്ള മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസാണ്‌. ഉസ്‌ബക്കിസ്ഥാനിൽ കുട്ടികളുടെ മരണത്തിന്‌ വഴിയൊരുക്കിയ മരുന്ന്‌ നിർമിച്ചത് യുപിയിലെ നോയിഡ കേന്ദ്രീകരിച്ചുള്ള മാരിയൺ ബയോടെക്കും. ഇവരുടെ മരുന്നുകൾ ഇന്ത്യയിൽ വിൽപ്പന നടത്തിയിട്ടുണ്ടോയെന്ന്‌ പരിശോധിക്കുന്നു.

ഗാമ്പിയയിലെ സംഭവത്തിന്‌ പിന്നാലെ മെയ്‌ഡൻ ഫാർമയുടെ യൂണിറ്റ്‌ സെൻട്രൽ ഡ്രഗ്‌ സ്‌റ്റാൻഡേർഡ്‌ കൺട്രോൾ ഓർഗനൈസേഷൻ പൂട്ടിട്ടു.ഉസ്‌ബക്ക്‌ അധികൃതരുമായി ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ടെന്ന്‌ വിദേശകാര്യ വക്താവ്‌ അരിന്ദം ബാഗ്‌ചി അറിയിച്ചു. ഉസ്‌ബക്കിസ്ഥാൻ ഔദ്യോഗികമായി ഇന്ത്യയെ സമീപിച്ചിട്ടില്ല. അന്വേഷണത്തിന്റെ വിശദാംശം ആവശ്യപ്പെട്ടു.

ഇന്ത്യൻ മരുന്നുകമ്പനിയുടെ പ്രതിനിധികൾക്കെതിരായ നിയമനടപടി ആരംഭിച്ചു. മാരിയൺ ബയോടെക്കിനോട്‌ യുപി ഡ്രഗ്‌ കൺട്രോൾ ആൻഡ്‌ ലൈസൻസിങ്‌ അതോറിറ്റി വിശദീകരണം തേടി. കമ്പനി യുടെ മറ്റ്‌ മരുന്നുകളും പരിശോധിക്കും. മാനദണ്ഡം പാലിക്കുഒന്നതിലെ വീഴ്‌ചയും പരിശോധനയിലെ അപാകവുമാണ്‌ ഇത്തരം മരുന്ന് ഉൽപ്പാദനത്തിന്‌ കാരണമെന്ന്‌ വിഗദ്‌ധർ പറയുന്നു.

18 കുട്ടികള്‍ മരിച്ചെന്ന് ഉസ്‌ബക്കിസ്ഥാൻ
ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്‌ കഴിച്ച് 18 കുട്ടികള്‍ മരിച്ചതായി ഉസ്ബക്കിസ്ഥാൻ സർക്കാർ. ഇന്ത്യന്‍ മരുന്നുനിർമാണ കമ്പനിയായ മരിയോണ്‍ ബയോടെക്കിനെതിരായാണ് പരാതി. ഡോക് ഒന്ന്‌ മാക്സ് എന്ന കഫ് സിറപ്‌ കഴിച്ച 21 കുട്ടികളിൽ 18 പേർ മരിച്ചതായി ഉസ്ബക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഫ് സിറപ്പില്‍ ഉണ്ടാകാന്‍ പാടില്ലാത്ത എഥിലീന്‍ ഗ്ലൈക്കോള്‍, ഡോക് -ഒന്ന്‌ സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അധിക ഡോസ് കുട്ടികള്‍ കഴിച്ചതാണ് മരണത്തിന് ഇടയാക്കിയത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണ് മരുന്ന് വാങ്ങിയതും. മരുന്നും ഗുളികയും ഉസ്‌ബക്കിസ്ഥാൻ സർക്കാർ നിരോധിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!