കാനം പുഴ ബണ്ട് പാലം പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂർ മണ്ഡലത്തിൽ താഴെ ചൊവ്വ സ്പിന്നിങ് മിൽ റോഡിൽ കാനം പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന ബണ്ട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം .എൽ. എ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ വിശിഷ്ടാതിഥിയായി.
കണ്ണൂർ കോർപറേഷനിലെ ഉരുവച്ചാലിനേയും അവേരയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ബണ്ട് പാലം 3.02 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. നിലവിൽ ജലസേചന വകുപ്പിന്റെ വീതി കുറഞ്ഞ നടപ്പാലം മാത്രമാണ് ഈ പ്രദേശത്തുകാർക്ക് പുഴ കടന്നു പോകുന്നതിന് ഏക ആശ്രയം. വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ സാധിക്കില്ല.
പുതിയ പാലം യാഥാർഥ്യമായാൽ പാലത്തിന്റെ എടക്കാട് ഭാഗത്ത് താമസിക്കുന്ന ജനങ്ങൾക്ക് കണ്ണൂരിൽ എത്തിച്ചേരാൻ എളുപ്പമാകും. പാലത്തിൻറെ അടിത്തറയ്ക്ക് പൈൽ ഫൗണ്ടേഷനാണ് നൽകുക. ബണ്ട് പാലത്തിന്റെ ഭാഗമായി അനുബന്ധ റോഡുകളും ആവശ്യമായ ഇടങ്ങളിൽ പാർശ്വഭിത്തിയും ഡ്രൈനേജ് സൗകര്യങ്ങളും കൂടി നിർമ്മിക്കും.
ചടങ്ങിൽ കണ്ണൂർ പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ .എം ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ സ്പിന്നിങ്ങ് മിൽ ചെയർമാൻ എം. പ്രകാശൻ, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സിയാദ് തങ്ങൾ, കോർപ്പറേഷൻ കൗൺസിലർമാരായ സി .എച്ച് ആസിമ, കെ .എൻ മിനി, പി .കെ സജേഷ് കുമാർ, എൻ ഉഷ, പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജി .എസ് ജ്യോതി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.