പാലങ്ങളുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

Share our post

നാടിന്റെ പ്രതീകങ്ങളായ പാലങ്ങളുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ്. ധർമ്മടം മണ്ഡലത്തിൽ ചൊവ്വ-കൂത്തുപറമ്പ് സംസ്ഥാന പാത 44ലെ മൂന്നാം പാലം ചെയിനേജ് 7/450 ൽ പൂർത്തീകരിച്ച പാലത്തിന്റെ ഉദ്ഘാടനവും ചെയിനേജ് 7/350 ലെ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ടൂറിസ്റ്റുകളെ ആകർഷിക്കാൻ സംസ്ഥാനത്ത് 50 പാലങ്ങളിൽ ദീപാലങ്കാരങ്ങൾ ഒരുക്കും. പാലങ്ങളുടെ വികസനത്തിലൂടെ നാടിന്റെ മുഖച്ഛായ മാറും. മൂന്നാം പാലം പുതിയ പാലം നാല് മാസം കൊണ്ട് പൂർത്തിയാക്കി ഏപ്രിലിൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

2.27 കോടി രൂപയ്ക്കാണ് പാലം നിർമ്മിച്ചത്. 11.90 മീറ്റർ നീളവും, ഇരു ഭാഗങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുൾപ്പെടെ 11 മീറ്റർ വീതിയിലാണ് പാലത്തിന്റെ നിർമ്മാണം. പുനർനിർമ്മിക്കുന്ന പാലത്തിന് 2.30 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. വീതി കുറഞ്ഞതും, അപകടാവസ്ഥയിലുള്ളതുമായ പഴയ പാലത്തിന് പകരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇതിനോടനുബന്ധിച്ച് കൂത്തുപറമ്പ് ഭാഗത്ത് 65 മീറ്റർ നീളത്തിലും, കണ്ണൂർ ഭാഗത്ത് 25 മീറ്റർ നീളത്തിൽ അനുബന്ധ റോഡുകളും, പാർശ്വഭിത്തിയും, ഡ്രെയിനേജും നിർമ്മിക്കും.

പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ .വി ഷീബ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ എം ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ചന്ദ്രൻ കല്ലാട്ട് , എൻ .പി ശ്രീധരൻ , എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പി ബാലഗോപാലൻ, പെരളശ്ശേരി ഗ്രാമ പഞ്ചായത്തംഗങ്ങളായ ബേബി ധന്യ, കെ. വി സിവിത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം .കെ മുരളി, ടി .പ്രകാശൻ മാസ്റ്റർ, സി .പി അബ്ദുൾ ലത്തീഫ്, വി .സി വാമനൻ, വി .കെ ഗിരിജൻ, കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉത്തര മേഖല സൂപ്രണ്ടിങ്ങ് എൻജിനിയർ പി. കെ മിനി, കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജി. എസ് ജ്യോതി എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!