മേൽപാല നിർമാണത്തിന് കുഴിയെടുത്തു; റോഡ് തകർച്ച ഭീഷണിയിൽ

പഴയങ്ങാടി: വെങ്ങര റെയിൽവേ ലെവൽ ക്രോസ് മേൽപാലത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനത്തിനായി കുഴിയെടുത്തത് വെങ്ങര മൂലക്കീൽ റോഡിന്റെ തകർച്ചക്ക് കാരണമാകുമെന്ന് ആശങ്ക.
മേൽപാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് കുഴിയെടുത്തതെങ്കിലും കുഴിയുടെ സമീപത്തുനിന്ന് റോഡിന്റെ കൂടുതൽ ഭാഗങ്ങൾ തകർച്ച നേരിടുകയാണ്.
കുഴിയെടുത്തത് ശാസ്ത്രീയമല്ലാത്ത രീതിയിലായതിനാലാണ് റോഡിന്റെ കൂടുതൽ ഭാഗങ്ങൾ തകർന്നത്. ദിവസംതോറും കൂടുതൽ മേഖലകളിലേക്ക് തകർച്ച വ്യാപിച്ചതോടെ റോഡിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പടരുകയാണ്.
പ്രതീക്ഷിക്കാത്ത രീതിയിൽ മഴ പെയ്താൽ റോഡ് ഇനിയും തകരും. നിർമാണാവശ്യത്തിന് മാത്രമായി പരിമിതപ്പെടത്തി കുഴിയെടുത്ത് ചുറ്റുഭാഗം കോൺക്രീറ്റ് ചെയ്തുറപ്പിച്ച് നിർത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.