കണ്ടാൽ ഉണങ്ങിയ ഞാവൽപ്പഴം പോലെ, പക്ഷേ മണിക്കൂറോളം ലഹരിയുടെ ഉന്മാദം; സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് സദ്ദാം ഹുസൈന്റെ ‘കാലകൂലി’

Share our post

കൊച്ചി: കണ്ടാൽ ഉണങ്ങിയ ഞാവൽപ്പഴം പോലെയിരിക്കും. ഒരുതവണ നുണഞ്ഞാൽ മണിക്കൂറോളം ലഹരിയിൽ ഉന്മാദം. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് മിഠായിയും.

കൊച്ചിയിൽ ഏഴ് കിലോഗ്രാം കഞ്ചാവ് മിഠായിയുമായി അന്യസംസ്ഥാനക്കാരായ മുറുക്കാൻകട നടത്തിപ്പുകാർ പിടിയിലായി. ഇവരിൽനിന്ന് 510 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഉത്തർപ്രദേശ് സ്വദേശി വികാസ് (32), അസാം സ്വദേശി സദ്ദാം ഹുസൈൻ (30) എന്നിവരാണ് പിടിയിലായത്.എറണാകുളം ബാനർജി റോഡിൽ വർഷങ്ങളായി നടത്തുന്ന മുറുക്കാൻ കടയുടെ മറവിലായിരുന്നു കച്ചവടം.

പൊലീസിന്റെ പരാതിപരിഹാര ആപ്പായ യോദ്ധാവിലേക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.സി.പിയുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം ഇവരുടെ കഞ്ചാവ് മിഠായി ഇടപാട് നിരീക്ഷിച്ച് വരികയായിരുന്നു.

അന്യസംസ്ഥാനക്കാരുൾപ്പെടെ നിരവധിപേർ മിഠായി വാങ്ങി ഉപയോഗിക്കുന്നതായി വ്യക്തമായതോടെ പ്രതികളെ പിടികൂടുകയായിരുന്നു.കവറിലെ മിഠായി ഒന്നിന് 10രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. കാലകൂലി എന്ന പേരിൽ ഉത്തരേന്ത്യയിൽ വ്യാപകമായ വിറ്റഴിക്കപ്പെടുന്ന മിഠായിയുടെ 30 പാക്കറ്റാണ് കൊച്ചിയിൽനിന്ന് പിടിച്ചെടുത്തത്.

ഒരുമിഠായിയിൽ 14 ശതമാനം കഞ്ചാവ് അടങ്ങിയിരിക്കുന്നതായാണ് പായ്ക്കറ്റിൽ പറയുന്നത്. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു നിയമവിരുദ്ധ വില്പന. പരിശോധന വ്യാപകമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!