വില്ലേജ് ഓഫീസിൽ മെല്ലേപ്പോക്ക്, നികുതി വരുമാനം ലഭിക്കുന്നില്ലെന്ന് മേയർ

Share our post

കണ്ണൂർ: വില്ലേജ് ഓഫീസിലെ നടപടി ക്രമങ്ങൾ വൈകുന്നതിനാൽ കോർപ്പറേഷന് ലഭിക്കേണ്ട നികുതി വരുമാനം സമയബന്ധിതമായി ഈടാക്കാൻ സാധിക്കുന്നില്ലെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. വിഷയത്തിൽ ചർച്ച നടത്താൻ വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവരുടെ യോഗം വിളിച്ചു ചേർക്കുമെന്നും കളക്ടർക്ക് കത്തയക്കുമെന്നും മേയർ യോഗത്തിൽ വ്യക്തമാക്കി.

കോർപ്പറേഷൻ പരിധിയിലെ കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ ലഭിക്കാത്തത് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്നും കെട്ടിട നമ്പറിന് വേണ്ടി കാത്തിരുന്ന് വൈദ്യുതി കിട്ടാതെ ഗൃഹപ്രവേശനം പോലും മാറ്റിവയ്ക്കപ്പെടേണ്ട സ്ഥിതിയാണെന്നുംവികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. രാഗേഷ് ചൂണ്ടിക്കാട്ടി. എടക്കാട് സോണൽ പരിധിയിൽ മാത്രം കെട്ടിട നമ്പറിനായി 92 ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്ന് മേയർ പറഞ്ഞു.

അമൃത് ഒന്നാംഘട്ട പദ്ധതികളുടെ സമയപരിധി 2023 മാർച്ച് 31നകം അവസാനിക്കുന്നതിനാൽ പൂർത്തീകരിക്കാത്ത പദ്ധതികൾ അതിനുമുമ്പ് തീർക്കണമെന്നും മേയർ അറിയിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ചോലോറയിൽ പ്രവൃത്തി തുടങ്ങാനിരിക്കുന്ന 100 കെ.എൽ.ഡി സെപ്‌​റ്റേജ് ട്രീ​റ്റ്‌മെന്റ് പ്ലാന്റിന്റെ നിലവിലെ ടെക്‌നോളജി മാ​റ്റി ഓപ്പൺ ടെക്‌നോളജി ആക്കുന്നതിനുള്ള അനുമതി അജണ്ടയിൽ വന്നത് ചർച്ചയായി.

നിലവിൽ പുതിയ ടെക്‌നോളജിയെ കുറിച്ച് കൗൺസിലർമാർക്ക് പോലും അറിവില്ലെന്നും ടെക്‌നോളജിയെ കുറിച്ച് വിശദമായി പഠിക്കാതെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും എൽ.ഡി.എഫിലെ അഡ്വ. പി.കെ.അൻവർ പറഞ്ഞു.യോഗത്തിൽ മേയർ അദ്ധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിംഗ് കമ്മി​റ്റി അംഗങ്ങളായ സുരേഷ് ബാബു എളയാവൂർ, പി. ഇന്ദിര, എം.പി രാജേഷ്, കൗൺസിലർമാരായ ടി. രവീന്ദ്രൻ, വി.കെ. ഷൈജു എന്നിവർ സംബന്ധിച്ചു.കെട്ടിട നമ്പർ ലഭിക്കുന്നില്ലസർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം സംസ്ഥാന സർക്കാരിലേക്ക് ഒ​റ്റത്തവണയുള്ള ടാക്‌സ്, ലക്ഷ്വറി ടാക്‌സ് എന്നിവ അടച്ചു കഴിഞ്ഞാൽ മാത്രമേ കോർപറേഷൻ കെട്ടിട നമ്പർ നൽകാൻ പാടുള്ളു. കെട്ടിട നമ്പർ ലഭിച്ചാൽ മാത്രമേ നികുതി അടക്കാൻ സാധിക്കൂ.

വില്ലേജ് ഓഫീസിൽ ടാക്‌സ് അടച്ച്, കെട്ടിട ഉടമ വില്ലേജ് ഓഫീസിൽ ഒക്യൂപൻസി നൽകിയ പ്ലാനിന്റെ പകർപ്പ് നൽകണം. അതിനുശേഷം വില്ലേജ് ഓഫിസർ സാക്ഷ്യപത്രം നൽകും. ഈ സാക്ഷ്യപത്രം കോർപറേഷനിൽ ഹാജരാക്കിയാൽ മാത്രമാണ് കെട്ടിട നമ്പർ ലഭിക്കുന്നത്. എന്നാൽ വില്ലേജ് ഓഫിസിൽ സർട്ടിഫിക്ക​റ്റ് ഹാജരാക്കിയ ജനങ്ങൾക്ക് സാക്ഷ്യപത്രം നൽകാതെ നികുതി ഈടാക്കിയ രസീ​റ്റ് മാത്രം നൽകുകയാണ്. സർട്ടിഫിക്കറ്റിന് കാലതാമസം വരുന്നതാണ് പ്രശ്നമാകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!