ചരിത്ര സ്മരണകളുണർത്താൻ പയ്യന്നൂരിൽനിന്ന് ശിൽപ്പങ്ങൾ

പയ്യന്നൂർ: മനുഷ്യരാശിയുടെ ചരിത്രത്തിലെ അവകാശപോരാട്ടങ്ങളുടെ സ്മരണകളുണർത്താൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളന നഗരിയിൽ പയ്യന്നൂരിൽനിന്നുള്ള ശിൽപ്പങ്ങളും.
തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി അയ്യങ്കാളി ഹാളിൽ ഒരുക്കിയ ചരിത്ര പ്രദർശനത്തിലാണ് പയ്യന്നൂരിൽനിന്നുള്ള ശിൽപ്പങ്ങൾ പ്രദർശിപ്പിക്കുന്നത്. ഉണ്ണി കാനായിയാണ് ചരിത്ര സംഭവങ്ങൾ പ്രമേയമാക്കി പതിനഞ്ചോളം ശിൽപ്പങ്ങൾ നിർമിച്ചത്.
കല്ല് മാല സമരം, തെലങ്കാന സമരം, മാറുമുറിച്ച് പ്രതിഷേധിച്ച നങ്ങേലി, തോൽവിറക് സമരം തുടങ്ങിയ സ്‌ത്രീമുന്നേറ്റ സമരങ്ങൾ പ്രമേയമായാണ് ശിൽപ്പങ്ങൾ ഒരുക്കിയത്.
മിശ്രവിവാഹ പ്രോത്സാഹനം, ശൈശവ വിവാഹം തടയൽ, വഴി നടക്കാനുള്ള സ്വാതന്ത്ര്യം, അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെയുള്ള പോരാട്ടം എന്നിവയ്ക്ക് പുറമെ ഗാന്ധിജി, എ .കെ .ജി, നാരായണ ഗുരു, അയ്യങ്കാളിയും പഞ്ചമിയും, സി എച്ച് കണാരൻ തുടങ്ങിയവരുടെ ശിൽപ്പങ്ങളുമാണ് പ്രദർശനത്തിനായി നഗരിയിലെത്തിച്ചത്.
കെ റിഗേഷ്, പി ശ്രീകുമാർ, കെ വിനേഷ്, വി രതീഷ് എന്നിവരാണ് സഹായികൾ. 29 മുതൽ ജനുവരി ഒമ്പതുവരെയാണ് പ്രദർശനം.