നാടെങ്ങും പരക്കും ‘മുല്ലക്കൊടി’യുടെ സൗരഭ്യം

Share our post

മയ്യിൽ: ഉത്തരമലബാറിലെ വിനോദസഞ്ചാരമേഖലയ്‌ക്ക്‌ ഉണർവേകുന്ന മുല്ലക്കൊടി ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. മനംകവരുന്ന ഓളവും തീരവും ആസ്വദിക്കാനുള്ള പദ്ധതിക്ക്‌ സർക്കാർ 4.9 കോടി രൂപയുടെ ഭരണാനുമതി നൽകി. പറശ്ശിനിക്കടവ്‌ മുത്തപ്പൻ ക്ഷേത്രത്തിൽ തീർഥാടനത്തിനെത്തുന്നവരെ ആകർഷിക്കുകയാണ്‌ പദ്ധതിയുടെ മുഖ്യലക്ഷ്യം. ഇതിനുപുറമെ ടൂറിസ്‌റ്റുകളെ ആകർഷിക്കുംവിധമുള്ള ക്ഷേത്രങ്ങളും പദ്ധതി പരിസരത്തുണ്ട്‌. ക്ഷേത്രത്തിനടുത്തുള്ള പറശ്ശിനി പാലവും നണിശേരിക്കടവ്‌ പാലവും ബന്ധിപ്പിച്ച്‌ രണ്ട്‌ കിലോമീറ്റർ ദൂരത്തിൽ നടപ്പാത പണിയും.

നടപ്പാതയുടെ വിവിധ കേന്ദ്രങ്ങളിൽ ഇരിപ്പിടങ്ങൾ, ഗ്രാമീണ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള സൗകര്യം, ഭക്ഷണശാലകൾ, ഇളനീർ പാർലറുകൾ എന്നിവ സ്ഥാപിക്കും. പുഴയിൽ ചൂണ്ടയിട്ടും വലയെറിഞ്ഞും മത്സ്യം പിടിക്കുന്നതിനുള്ള സംവിധാനം, ബോട്ടിങ്, കയാക്കിങ് എന്നിവയുണ്ടാകും. ടൂറിസ്‌റ്റുകൾക്ക്‌ താൽക്കാലിക താമസസൗകര്യവും നടപ്പാതയോട്‌ ചേർന്ന്‌ കളിസ്ഥലവുമൊരുക്കും.

നടപ്പാത നിർമിക്കേണ്ട 90 ശതമാനം സ്ഥലവും മയ്യിൽ പഞ്ചായത്തിന്റേതാണ്‌. ഇതിനായി തീരത്തോട്‌ ചേർന്ന്‌ കരിങ്കൽ ഭിത്തിയാണ്‌ വേണ്ടത്‌. ഒരു കിലോമീറ്റർ കരിങ്കൽഭിത്തി നിലവിലുണ്ട്‌. കളിസ്ഥവും വിശ്രമകേന്ദ്രവും നിർമിക്കുന്നതിന്‌ പഞ്ചായത്ത്‌ വക സ്ഥലമുണ്ട്‌. നടപ്പാതയ്‌ക്ക്‌ സമാന്തരമായി പറശ്ശിനി പാലത്തെയും നണിശേരിക്കടവ്‌ പാലത്തെയും ബന്ധിപ്പിച്ച്‌ റോഡുമുണ്ട്‌. ഫാം ടൂറിസത്തിനും ഇവിടെ നല്ല സാധ്യതയാണ്‌.

മുത്തപ്പൻ ക്ഷേത്രം, വിസ്‌മയ പാർക്ക്‌, സ്‌നേക്ക്‌ പാർക്ക്‌, എൻജിനിയറിങ്‌ കോളേജ്‌, ഫാഷൻ ടെക്‌നോളജി ഇൻസ്‌റ്റിറ്റ്യൂട്ട്‌, കെഎപി നാലാം ബറ്റാലിയൻ എന്നിവ പദ്ധതിയുടെ മൂന്ന്‌ കിലോമീറ്റർ ചുറ്റളവിനുള്ളിലാണ്‌. രണ്ട്‌ ഷട്ടിൽ കോർട്ട്‌, കവുങ്ങ്‌, ഓല എന്നിവകൊണ്ടാണ്‌ ടൂറിസ്‌റ്റുകൾക്കുള്ള താൽക്കാലിക താമസമൊരുക്കുക. പൂന്തോട്ടവും മരങ്ങളും വച്ചുപിടിപ്പിക്കും. കുട്ടികൾക്കുള്ള വിനോദ ഉപാധികൾ, ബോട്ട്‌ ജെട്ടി എന്നിവയും നിർമിക്കും. മയ്യിൽ പഞ്ചായത്ത്‌ ഇതിനാവശ്യമായ സ്ഥലം ടൂറിസം വകുപ്പിന്‌ വിട്ടുകൊടുക്കും.

പദ്ധതിക്ക്‌ ഭരണാനുമതി നൽകിയ സംസ്ഥാന സർക്കാരിനെയും ഇതിനായി ഇടപെട്ട എം. വി ഗോവിന്ദൻ എം.എൽ.എയെയും മയ്യിൽ പഞ്ചായത്ത്‌ 18 –-ാം വാർഡ് ഗ്രാമസഭ അഭിനന്ദിച്ചു. പഞ്ചായത്തംഗം എം അസ്സിനാർ അധ്യക്ഷനായി. പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ രവി മാണിക്കോത്ത്‌, പഞ്ചായത്ത്‌ അംഗങ്ങളായ എ .പി സുചിത്ര, പി .പി പ്രീത, കെ. ശാലിനി എന്നിവർ സംസാരിച്ചു. പി .മുകുന്ദൻ സ്വാഗതം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!