പുനർനിർമ്മിച്ച പാലം ഉദ്ഘാടനവും രണ്ട് പാലങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും 29ന്

ജില്ലയിൽ പുനർനിർമ്മിച്ച പാലം ഉദ്ഘാടനവും രണ്ട് പാലങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും ഡിസംബർ 29ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ 10ന് മൂന്നാംപാലത്ത് പുനർനിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനവും പുനർനിർമ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും നടക്കും. പൂർത്തിയായ പാലത്തിന് ആകെ 11.90 മീറ്റർ നീളവും ഇരുഭാഗത്തും ഒന്നര മീറ്റർ നടപ്പാതയുൾപ്പെടെ 11 മീറ്റർ വീതിയുമുണ്ട്.
മൂന്നാം പാലത്ത് പുനർനിർമ്മിക്കുന്ന പാലത്തിന് 11.90 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ടാവും. 2.30 കോടി രൂപയ്ക്കാണ് ഭരണാനുമതി. ചടങ്ങിൽ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. വി ഷീബ അധ്യക്ഷയാവും.
11 മണിക്ക് ധർമ്മടം നിയോജക മണ്ഡലത്തിലെ പനയത്താംപറമ്പ് അപ്പക്കടവ് റോഡിലെ മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള മുഴപ്പാല നഗര സൗന്ദര്യവത്കരണവും അനുബന്ധ നിർമ്മാണ പ്രവൃത്തിയുടെയും പൂർത്തീകരിച്ചതിന്റെയും ഉദ്ഘാടനം മുഴപ്പാല ബസാറിൽ മന്ത്രി നിർവഹിക്കും.
അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി ലോഹിതാക്ഷൻ അധ്യക്ഷനാവും.
12 മണിക്ക് താഴെചൊവ്വ സ്പിന്നിങ് മില്ല് റോഡിലെ കാനം പുഴക്ക് കുറുകെ നിർമിക്കുന്ന ബണ്ട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഉരുവച്ചാൽ ഗണപതിവിലാസം എൽ .പി സ്‌കൂളിനു സമീപം മന്ത്രി നിർവഹിക്കും.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിക്കും. നിലവിൽ ജലസേചന വകുപ്പിന്റെ വീതി കുറഞ്ഞ നടപ്പാലം മാത്രമാണ് പുഴ കടക്കാൻ പ്രദേശവാസികളുടെ ആശ്രയം. പാലം യാഥാർഥ്യമാകുന്നതോടെ എടക്കാട് ഭാഗത്തുള്ളവർക്ക് കണ്ണൂരിലേക്ക് എത്താൻ എളുപ്പമാകും. പദ്ധതിക്ക് 3.176 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. 25.70 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉണ്ടാവും.