മികവിന്റെ ഉയരങ്ങളിലേക്ക്‌

Share our post

കണ്ണൂർ: പൊതുജനാരോഗ്യ സംവിധാനത്തിന്റെ മികവുയർത്തുന്ന ചുവടുവയ്‌പുകളാണ്‌ കഴിഞ്ഞ ഒരു വർഷം ജില്ലാ ആസ്പത്രിയിലുണ്ടായത്‌. സാധാരണക്കാരന്‌ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുന്ന പദ്ധതികൾ യാഥാർഥ്യമായി.

ചികിത്സയ്‌ക്കായി ജില്ലാ ആസ്പത്രിയിലെത്തുന്നവരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്‌. ത്വരിതഗതിയിൽ മുന്നോട്ടുപോകുന്ന അടിസ്ഥാന സൗകര്യ വികസനം തന്നെയാണ്‌ പൊതുജനാരോഗ്യമേഖലയ്‌ക്ക്‌ ജില്ലാ ആസ്പത്രി നൽകുന്ന വലിയ പ്രതീക്ഷ.

ഹൃദയം തൊട്ട്‌
ഹൃദയചികിത്സാ രംഗത്ത്‌ വൻമുന്നേറ്റവുമായി കഴിഞ്ഞ ജൂലൈ 24നാണ്‌ ജില്ലാ ആസ്പത്രിയിൽ കാത്ത്‌ ലാബ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. അതിനും മാസങ്ങൾക്കുമുമ്പ്‌ നിർമാണം പൂർത്തിയായ ഉടൻ കാത്ത്‌ ലാബ് പ്രവർത്തനം തുടങ്ങിയിരുന്നു. 11 മാസത്തിനുള്ളിൽ ജില്ലാ ആശുപത്രി കാത്ത്‌ ലാബിൽ ഇരുന്നൂറിലേറെ പേർ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്‌റ്റിയും ചെയ്‌തു.

ഭൂരിഭാഗംപേർക്കും സൗജന്യമായിരുന്നു ശസ്‌ത്രക്രിയ. ലക്ഷങ്ങൾ ചെലവുവരുന്ന ഹൃദയ ശസ്‌ത്രക്രിയ അർഹതപ്പെട്ടവർക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ മിതമായ നിരക്കിലും ലഭ്യമാക്കാൻ കഴിഞ്ഞുവെന്നതാണ്‌ നേട്ടം.
എട്ടുകോടി ചെലവിട്ട പദ്ധതിയിൽ 10,64,032 രൂപ ജില്ലാപഞ്ചായത്ത്‌ വിഹിതമാണ്‌. നാലരക്കോടി രൂപയുടെ കാത്ത്‌ മെഷിൻ, പ്രീകാത്ത്‌ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ അഞ്ച്‌ കിടക്കകളും പോസ്‌റ്റ്‌ കാത്ത്‌ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പത്ത്‌ കിടക്കകളുമുണ്ട്.

ഇനിയെല്ലാം സൂപ്പറാവും
ജില്ലാ ആസ്പത്രിയുടെ മുഖം മാറ്റിയ പദ്ധതിയാണ്‌ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌. ജില്ലാ പഞ്ചായത്ത്‌ തയ്യാറാക്കിയ മാസ്‌റ്റർപ്ലാനിൽ ഒരുങ്ങിയ അഞ്ച്‌ നിലകെട്ടിടത്തിന്റെ രണ്ട്‌ നിലകളിൽ കഴിഞ്ഞ സെപ്‌തംബർ അവസാനവാരം രോഗികളെ പ്രവേശിപ്പിച്ചു. മൂന്നും നാലും നിലയിലെ 30 വീതം കിടക്കകളുള്ള ജനറൽ വാർഡിലേക്കാണ്‌ പഴയ കെട്ടിടത്തിലെ മെയിൽ മെഡിക്കൽ, മെയിൽ സർജറി വാർഡുകൾ മാറ്റിയത്‌.

ഒന്നാംനിലയിൽ കാത്ത്‌ ലാബ്‌, ക്രിട്ടിക്കൽ കെയർ യൂണിറ്റ്‌, ഫാർമസി, കൺസൾട്ടേഷൻ മുറി, രണ്ടാം നിലയിൽ മൂന്ന്‌ ഓപ്പറേഷൻ തിയറ്റർ, പോസ്‌റ്റ്‌ ഓപ്പറേറ്റീവ്‌ വാർഡ്‌, ന്യൂറോളജി, യൂറോളജി ഐസിയുകൾ, മൂന്നാം നിലയിൽ ഡയാലിസിസ്‌ യൂണിറ്റ്‌, ഏഴ്‌ സ്‌പെഷ്യാലിറ്റി വാർഡ്‌ നാലാം നിലയിൽ 18 സ്‌പെഷ്യൽ വാർഡുകൾ എന്നിവയുണ്ടാകും.
എസി റൂമുകൾ ഉൾപ്പെടെ 23 പേ വാർഡുകളാണ്‌ ബ്ലോക്കിലുള്ളത്‌. സർക്കാർ 61.72 കോടി രൂപ കിഫ്‌ബി വഴി അനുവദിച്ച പദ്ധതി പ്രവൃത്തി ബി.എസ്‌.എൻഎല്ലിന്റെ മേൽനോട്ടത്തിൽ പി .ആൻഡ്‌ സി പ്രൊജക്ട്‌സാണ്‌ നടത്തുന്നത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!