കേരള ഫുട്ബോൾ മുൻ നായികയ്ക്ക് ആദരവായി ഫുട്ബോൾ മത്സരം
കണ്ണൂർ : കേരളാ ഫുട്ബോൾ ടീമിന്റെ മുൻ നായികയ്ക്ക്, സർവീസിൽ നിന്നു വിരമിക്കുന്നതിനു മുൻപ് ആദരവേകി എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി. മുൻ കേരള ഫുട്ബോൾ നായികയും കണ്ണൂർ ഡിഇഒ ഓഫിസ് ജീവനക്കാരിയുമായ കെ.ഉഷാ കുമാരി ഈ മാസം 31ന് സർവീസിൽ നിന്നു വിരമിക്കും. ഇവർക്കായി പ്രദർശന ഫുട്ബോൾ മത്സരം നടത്തിയായിരുന്നു എൻജിഒ അസോസിയേഷന്റെ ആദരവ്.1991ൽ മധ്യപ്രദേശിൽ നടന്ന ദേശീയ സീനിയർ വനിതാ ചാംപ്യൻഷിപ്പിൽ കേരളം ചാംപ്യൻമാരായപ്പോൾ ക്യാപ്റ്റനായിരുന്നു.
സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ കൂടി കേരളത്തിന്റെ നായികയായി. 1990ൽ ഇംഫാലിൽ നടന്ന ഫെഡറേഷൻ കപ്പിൽ റണ്ണേഴ്സപ്പ് ആയ കേരളത്തിന്റെ ക്യാപ്റ്റൻ കൂടിയാണ്. 1990, 93, 95 വർഷങ്ങളിൽ ഇന്ത്യൻ ക്യാംപിലുണ്ടായി. ഈ സെന്റർ ഫോർവേഡ് ഏതാണ്ട് രണ്ടു പതിറ്റാണ്ടു കാലം കേരളത്തിനു ബൂട്ടണിഞ്ഞു.
ഡിഡിഇ ഓഫിസിൽ നിന്നു സൂപ്രണ്ട് ആയി വിരമിച്ച കെ.ബാലകൃഷ്ണനാണു ഭർത്താവ്. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് ഉഷ. എൻജിഒ അസോസിയേഷൻ ഇലവനും കെഎംസിഎസ്എ ഇലവനും തമ്മിലായിരുന്നു മത്സരം. കണ്ണൂർ പൊലീസ് ടർഫിൽ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.പി.ഷനിജ് അധ്യക്ഷത വഹിച്ചു.
കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എം.പി.രാജേഷ്, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന, പി.എം.ബാബുരാജ്, കെ.സി.രാജൻ, പി.കൃഷ്ണൻ, നാരായണൻ കുട്ടി മനിയേരി, കെ.വി.അബ്ദുൽ റഷീദ്, കെ. വി. മഹേഷ്, പി.നന്ദകുമാർ, എ.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.