സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കേളികെട്ടുയരാന്‍ ഇനി ഏഴ് നാള്‍. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.
ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് കോഴിക്കോട് വീണ്ടും തിരശീല ഉയരുകയാണ്. രണ്ട് വര്‍ഷത്തെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം വരുന്ന കലോത്സവത്തെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നാടും കാത്തിരിക്കുകയാണ്.
നഗരത്തിലെ വിവിധയിടങ്ങളിലായി 24 വേദികളാണ് ആകെയുള്ളത്. വെസ്റ്റ് ഹില്‍ വിക്രം മൈതാനമാണ് ഇത്തവണ പ്രധാന വേദി. സാഹിത്യകാരന്മാര്‍ അനശ്വരമാക്കിയ കൃതികളിലെ ദേശനാമങ്ങളില്‍ ആയിരിക്കും ഓരോ വേദിയും ഒരുക്കുക. കലോത്സവത്തില്‍ ഉടനീളം പുതുമകള്‍ നിറയ്ക്കാനാണ് ആലോചന. 24 വേദികളിലും മികവുറ്റ സൗകര്യങ്ങള്‍ ഒരുക്കും.
വേദികള്‍ കണ്ടുപിടിക്കാനും സഹായത്തിനും പൊലീസ് ക്യൂ ആര്‍ കോഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹരിത ചട്ടം നടപ്പാക്കാന്‍ കോര്‍പറേഷനും രംഗത്തുണ്ട്. പതിവുപോലെ പഴയിടത്തിന്റെ സദ്യവട്ടവും ഇക്കുറിയുണ്ട്. പതിനെട്ടായിരം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമാണ് ഒരുക്കുന്നത്. 2015ലാണ് അവസാനമായി കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളിയത്.