ഇവിടെയുണ്ട്‌ നന്മയും കരുതലും

Share our post

മുഴപ്പിലങ്ങാട്: നന്മയും വിശ്വാസവും ഇഴചേരുന്ന സംഗമഭൂമിയാണ്‌ മുഴപ്പിലങ്ങാട്ടെ ഐആർപിസി ശബരിമല ഇടത്താവളം. വിവിധ ദേശങ്ങളിൽനിന്നെത്തുന്ന തീർഥാടകർ സ്നേഹത്തിന്റെയും കരുതലിന്റെയും ഹൃദ്യത അനുഭവിക്കുകയാണിവിടെ. മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ ഐആർപിസി ഒരുക്കിയ ഇടത്താവളത്തിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. കർണാടകം, മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ നൂറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്.

എല്ലാവര്‍ക്കും സുരക്ഷയും രുചികരമായ ഭക്ഷണവും ഉറപ്പുവരുത്തുകയാണ് സംഘാടകര്‍. ഡോക്ടർമാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. ഈ വർഷം ആയിരത്തിയഞ്ഞൂറിലധികം തീർഥാടകരെത്തി. ഈ മാസം മൂന്നിനാണ്‌ ഇടത്താവളം തുറന്നത്. കഴിഞ്ഞ വർഷം 58 ദിവസം ഇടത്താവളമൊരുക്കിയപ്പോൾ പതിനായിരത്തിലധികം പേരെത്തിയിരുന്നു.

ശബരിമലയിലേക്ക് കൂടുതൽ പേർ കടന്നുപോകുന്ന വഴിയാണിത്. ദര്‍ശനത്തിന്‌ പോകുന്നവരും തിരിച്ചുവരുന്നവരും ഇടത്താവളത്തിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. എ പ്രേമൻ ചെയർമാനും കെ വി പത്മനാഭൻ കൺവീനറുമായ സംഘാടകസമിതിയാണ്‌ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത്‌. ഭക്ഷണം തയ്യാറാക്കാനും വിളമ്പാനും സ്വയം സന്നദ്ധരായി യഥേഷ്ടം വളന്റിയർമാർ.

ഐ.ആര്‍.പി.സി ലോക്കൽ ഗ്രൂപ്പുകൾ ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നു. ഇത്തവണ ജനുവരി 14 വരെ ഇടത്താവളം പ്രവർത്തിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!