ജനങ്ങളെ സ്നേഹിക്കുന്ന പ്രസ്ഥാനവും സർക്കാരും കേരളത്തിൽ മാത്രം: ബാലചന്ദ്രൻ ചുള്ളിക്കാട്

ധർമശാല: ജനങ്ങളെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പ്രസ്ഥാനവും സർക്കാരുമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. വൈകാരികമായ സ്നേഹം മാത്രമല്ല, എല്ലാവരെയും ഒന്നിപ്പിക്കുന്ന സംസ്കാരവുംകൂടി പകരാൻ കേരളത്തിനാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ് ഫെസ്റ്റിവെൽ സാംസ്കാരിക സായാഹ്നത്തിൽ സംസാരിക്കുകയായിരുന്നു ചുള്ളിക്കാട്.
ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള കഠിനശ്രമം നടക്കുന്നു.
മതനിരപേക്ഷ അടിത്തറ തകർക്കുകയാണ്. ഒരു ജനത സ്നേഹിച്ച് ജീവിക്കുമ്പോഴല്ല, കലാപവും സംഘർഷവും ദുരന്തവും നടക്കുമ്പോഴാണ് ആഘോഷിക്കപ്പെടുന്നത്. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിഭാഗീയത ജനങ്ങളിൽ വലിയ ഉൽകണ്ഠയും ആശങ്കയും സൃഷ്ടിച്ചിരിക്കയാണ്.രാഷ്ടീയ അധികാരം വലിയ പ്രലോഭനമാണ്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ചാൽ അധികാരത്തിൽ വരാമെന്ന് വന്നിരിക്കുന്നു.
കലാപങ്ങൾക്കും കലഹങ്ങൾക്കും വർഗീയതയ്‌ക്കുമെതിരെ സമാധാനപരമായ സഹവർത്തിത്വമാണ് വേണ്ടതെന്നും ചുള്ളിക്കാട് പറഞ്ഞു.മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. എം .വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനായി. സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, നടി നിഖില വിമൽ, കവി മാധവൻ പുറച്ചേരി എന്നിവർ സംസാരിച്ചു. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ സ്വാഗതവും എം. വി ജനാർദനൻ നന്ദിയും പറഞ്ഞു. പ്രതിഭാ സംഗമത്തിൽ തളിപ്പറമ്പ് മണ്ഡലത്തിൽ വിവിധ മേഖലകളിൽ പുരസ്കാരം നേടിയ 87 പ്രതിഭകളെ ആദരിച്ചു.