ഇ.പി. വിഷയം പി.ബി. ചര്‍ച്ചചെയ്യുമോയെന്ന് ചോദ്യം; തണുപ്പ് എങ്ങനെയുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം

Share our post

ന്യൂഡല്‍ഹി: ഇ.പി. ജയരാജനെതിരായ ആരോപണത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം പോളിറ്റ് ബ്യൂറോ (പി.ബി.) ചര്‍ച്ച ചെയ്യുമോ എന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണുന്നുണ്ടോയെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല.

കണ്ണൂരില്‍ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തെ കുറിച്ചാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്‌. ചൊവ്വാഴ്ച ചേരുന്ന പി.ബി. യോഗം ഇത് ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തോടാണ് തണുപ്പ് എങ്ങനെയുണ്ടെന്ന മറുചോദ്യം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. നിങ്ങളോടെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളത്തില്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചാവിഷയമായതിനാല്‍ തന്നെ ഇ.പിയുമായി ബന്ധപ്പെട്ട പരാതി പി.ബി. ചര്‍ച്ച ചെയ്യാനാണ് സാധ്യത. വിഷയനുമായി ബന്ധപ്പെട്ട് പി. ജയരാജന്‍ നല്‍കിയ പരാതി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലാണ്.

ചൊവ്വാഴ്ച രാവിലെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഡല്‍ഹിയിലെത്തും. അദ്ദേഹമായിരിക്കും ഇക്കാര്യം പി.ബിയില്‍ അവതരിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന കൂടിക്കാഴ്ചയിലെ ചര്‍ച്ചാ വിഷയം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!