വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെ: ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Share our post

വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തൽ. രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിലെ വിലയിരുത്തൽ. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് രാജനെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര പഴയ സ്റ്റാൻഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു.

രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും രാജൻ കടയടച്ച് വീട്ടിലെത്താതായതോടെയണ് ബന്ധുക്കൾ അന്വേഷിച്ച് കടയിൽ എത്തുകയായിരുന്നു. ഈ സമയത്ത് കടക്കുള്ളിൽ മരിച്ച നിലയിലായിരുന്നു രാജൻ. രാജന്റെ മുഖത്ത് മർദ്ദനമേറ്റ പാട് ഉണ്ടായിരുന്നു. കടക്കുള്ളിൽ മല്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഫാനും കസേരയും മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്.

രാജന്റെ മൂന്ന് പവനോളം വരുന്ന സ്വർണ മാലയും മോതിരവും ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്. രാജൻ രാത്രി ഒമ്പത് മണിക്കു ശേഷം ബൈക്കിൽ കടയലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ദൃശ്യങ്ങളിൽ രാജനൊപ്പം മറ്റൊരാൾ കൂടി ബൈക്കിലുണ്ട്. സംഭവത്തെ കുറിച്ച് ഊർജിതമായ അന്വേഷണം നടക്കുന്നതായി വടകര ഡി.വൈ.എസ്.പി ആർ. ഹരിപ്രസാദ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!