പല്ല് ഉന്തിയതിെൻറ പേരിൽ ജോലി നഷ്ടപ്പെട്ട മുത്തുവിന് ശസ്ത്രക്രിയക്ക് വഴിതെളിയുന്നു

പല്ല് ഉന്തിയതിെൻറ പേരിൽ സർക്കാർ ജോലി നഷ്ടപ്പെട്ട മുത്തുവിന് ശസ്ത്രക്രിയക്ക് വഴിതെളിയുന്നു. ശസ്ത്രക്രിയ നടത്താൻ തയ്യാറെന്ന് പെരിന്തൽമണ്ണ കിംസ് അൽശിഫ ആസ്പത്രി അറിയിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് അവസരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് മുത്തുവിപ്പോൾ.
പി.എസ്.സി ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷ വിജയിച്ച് കായികക്ഷമത പരിക്ഷ പൂർത്തിയാക്കിയ മുത്തുവിന് ഉന്തിയ പല്ലുകളാണ് ജോലിക്ക് തടസമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ഉന്തിയ പല്ല് ഉള്ളവരെ നിയമിക്കില്ലെന്നാണ് പി.എസ്.സി നിയമം. ചെറുപ്പത്തിലെ വീഴ്ചയിലാണ് പല്ലിന് പരിക്ക് പറ്റിയത്. പണം ഇല്ലാത്തതിനലാണ് ശസ്ത്രക്രിയ നടത്താൻ കഴിയാതെ പോയത്.
ശസ്ത്രക്രിയയിലൂടെ മുത്തുവിന്റെ പല്ല് ഉന്തിയ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു. എത്രയും വേഗം ശസ്ത്രക്രിയ നടത്തി ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലിയിൽ കയറുന്നതാണ് മുത്തു സ്വപ്നം കാണുന്നത്.
ജോലി നിഷേധിച്ച സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്. പി.എസ്.സി ഇത്തരം പ്രാകൃത നിയമങ്ങൾ ഒഴിവാക്കണമെന്നാണ് പൊതുവായ ആവശ്യം. ജോലി നഷ്ടപ്പെട്ട സംഭവം പ്രാകൃതമാണെന്ന് എൻ. ഷംസുദ്ധീൻ എം.എം.എ അഭിപ്രായപ്പെട്ടിരുന്നു. ജോലി ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കുെമന്ന് എം.എൽ.എ പറഞ്ഞു.