കുട്ടികളുടെ കുഞ്ഞെഴുത്തുകള്‍ക്കായി ശില്‍പശാല

വിദ്യാര്‍ഥികളിലെ സര്‍ഗാത്മകമായ കഴിവുകളെ സ്വയം വിലയിരുത്താനും മികവിലേക്ക് ഉയര്‍ത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം ‘സര്‍ഗം 22’ രചന ശില്‍പശാല നടത്തി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായാണ് ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ ഭാഗമായി ഏകദിന ശില്‍പശാല നടത്തിയത്.
ഗ്രന്ഥശാലകളില്‍ നടത്തിയ വായന ചങ്ങാത്തം വായനശാലകള്‍ പരിപാടിയുടെ ഭാഗമായുള്ള കൈയ്യെഴുത്ത് മാസികയിലെ വിജയികള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ വായനമാസാചരണ വിജയികള്‍, സ്‌കൂള്‍ കലോത്സവത്തിലെ രചനാ വിജയികള്‍ എന്നിവരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. ഇവരുടെ സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ച് മാര്‍ച്ചില്‍ ‘കണ്ണൂരിന്റെ കുഞ്ഞെഴുത്തുകള്‍’ എന്ന പുസ്തകം സമഗ്ര ശിക്ഷാ കേരളം പുറത്തിറക്കും. കഥകളും കവിതകളും ഉപന്യാസങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുത്തുക.
പുസതകത്തിന്റെ കവര്‍ പേജിലും അകത്തെ താളുകളിലും വൈദഗ്ധ്യമുള്ള കുട്ടികള്‍ തന്നെയാണ് ചിത്രം വരക്കുക.
കണ്ണൂര്‍ മെന്‍ ടിടിഐ ഹാളില്‍ നടന്ന ശില്‍പശാല ഡോ. വി ശിവദാസന്‍ എം. പി ഉദ്ഘാടനം ചെയ്തു. എസ് .എസ്. കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ടി .പി വേണുഗോപാലന്‍, കവി കൃഷ്ണന്‍ നടുവലത്ത് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സാക്ഷരത മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, ഡി .പി. ഒ രാജേഷ് കടന്നപ്പള്ളി, അതുല്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.