ബൈപാസ് റെഡി; സർവീസ് റോഡുകൾ തോന്നിയത് പോലെ

മാഹി: മാർച്ച് മാസത്തോടെ മുഴപ്പിലങ്ങാട് – അഴിയൂർ ദേശീയപാത ബൈപ്പാസ് ഉദ്ഘാടനം നടക്കും. എന്നാൽ, ഇവിടങ്ങളിലെ സർവീസ് റോഡുകളുടെ കാര്യത്തെ കുറിച്ചുള്ള ആശങ്കയും നാട്ടുകാരിലേറി. മാഹിയിൽപ്പെട്ട ഈസ്റ്റ് പള്ളൂരിലൂടെ കടന്നുപോകുന്ന സർവ്വീസ് റോഡ് പല സ്ഥലങ്ങളിലും വീതി കൂടിയും കുറഞ്ഞു മാണിരിക്കുന്നത്. മാഹി പ്രദേശത്ത് ദേശീയപാതയിൽ മൂന്ന് അണ്ടർ ബ്രിഡ്ജുകളും ഒരു ജംഗ്ഷനുമുണ്ട്.നിലവിൽ ദേശീയപാതയായ മാഹി ടൗണിലൂടെ കടന്നുപോകുന്ന റോഡ് സംസ്ഥാന ഹൈവേയായി മാറ്റപ്പെടുകയും തിരക്കൊഴിയുകയും ചെയ്യും.
ഇതോടെ മാഹിക്ക് ഇന്നുള്ള വ്യാപാര വാണിജ്യ പ്രാമാണിത്വം നഷ്ടമാകുകയും ചെയ്യും. ഇത് മുന്നിൽ കണ്ട് പലരും പള്ളൂരിലെ ബൈപാസിന്റെ ഇരു ഭാഗങ്ങളിലും മോഹവിലയ്ക്ക് സ്ഥലം കൈവശമാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചില പ്രമുഖ വ്യാപാരികൾ സെന്റിന് ഇരുപത് ലക്ഷത്തിലേറെ രൂപക്കാണ് സ്ഥലം വാങ്ങിച്ചതത്രെ. സർവ്വീസ് റോഡിന്റെ രണ്ട് ഭാഗങ്ങളിലുമായി റിയലൻസ് ഉൾപ്പടെ മൂന്ന് പെട്രോൾ പമ്പുകൾക്ക് ഇതിനകം പ്രാഥമികാനുമതി ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.
മാഹി ടൗണിൽ നിന്ന് മാത്രമല്ല, പുതുച്ചേരിയിൽ നിന്നടക്കം ചില മദ്യഷാപ്പുകൾ ഇവിടേയ്ക്ക് ഷിഫ്റ്റ് ചെയ്യാൻ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.ദേശീയപാതാ അതോറിറ്റിയുടെ നിബന്ധനകൾ പ്രകാരം സർവ്വീസ് റോഡിന് അഞ്ചര മീറ്റർ വീതി വേണം. ഇത് പ്ലാനിൽ വ്യക്തമാക്കിയതുമാണ്. അതിനായി സ്ഥലമേറ്റെടുക്കാനുള്ള നിയമവും നിലവിലുണ്ട്. ചില സങ്കേതിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സർവീസ് റോഡിന്റെ വീതി പലയിടങ്ങളിലും നാല് മീറ്ററും നാലര മീറ്ററുമൊക്കെയായി പല തരത്തിലാണുള്ളത്. മിക്കവാറും ടാറിംഗും നടന്ന് കഴിഞ്ഞിട്ടുണ്ട്.
പളളൂർ ഭാഗത്തെ മൂന്ന് അടിപ്പാതകളിലൂടെയും, ഒരു ജംഗ്ഷൻ വഴിയും സർവീസ് റോഡുകളിലേക്ക് പ്രവേശിക്കുന്ന 16, 18 ചക്രങ്ങളുള്ള വൻകിട വാഹനങ്ങൾ വിതി കുറഞ്ഞ ‘കുപ്പി ക്കഴുത്തുള്ള ‘ ഭാഗങ്ങളിലെത്തുമ്പോൾ ഗതാഗതക്കുരുക്കിൽപ്പെടുന്ന അവസ്ഥയാണുണ്ടാവുക. നിർമ്മാണത്തിലിരിക്കെ കൂപ്പ് കുത്തിയ ബാലത്തിൽ പാലത്തിന്റേയും, മാഹി റെയിൽവേ മേൽപ്പാലത്തിന്റേയും പണിയാണ് ഇനി പൂർത്തിയകേണ്ടത്. റെയിൽവെ ഓവർ ബ്രിഡ്ജിന്റെ സ്ലാബുകളെല്ലാം ഇതിനകം നിർമ്മിച്ചു കഴിഞ്ഞു.
റെയിൽവേ എൻജിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം അനുമതി കിട്ടിയാലുടൻ മേൽപ്പാലവും യാഥാർത്ഥ്യമാകും.സർവീസ് റോഡിന്റെ വീതി കുറഞ്ഞത് സംബന്ധിച്ച് ഒട്ടേറെ പരാതികൾ ജനങ്ങളിൽ നിന്ന് കിട്ടിയിട്ടുണ്ട്. അഞ്ചര മീറ്റർ ഉറപ്പ് വരുത്തി, ആവശ്യമായിടത്ത് അടിയന്തരമായി അക്വിസിഷൻ നടത്താൻ എൻ.എച്ച്.അധികൃതരോടും, മയ്യഴി ഭരണ കൂടത്തോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
രമേശ് പറമ്പത്ത്, എം.എൽ.എ, മാഹിഅടിയന്തരമായും സർവീസ് റോഡുകൾ പ്ലാനിൽ നിർദ്ദേശിക്കപ്പെട്ട നിലയിൽ തന്നെ നിർമ്മിക്കണം. വ്യക്തി താൽപ്പര്യ സംരക്ഷണത്തിന് അനുവദിക്കില്ല.സി.എം സുരേഷ്, ആക്ടിംഗ് സെക്രട്ടറി ജനശബ്ദം മാഹി