അർജന്റീനയുടെ വിജയം ആഘോഷിച്ച് മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും

കുഞ്ഞിമംഗലം: മൂന്നരപ്പതിറ്റാണ്ടിന് ശേഷം ഇഷ്ട ടീം ലോകകിരീടം നേടിയതിൽ അർജന്റീനയുടെയും മെസ്സിയുടെയും ആരാധകർ ഇഷ്ടദൈവത്തെ കെട്ടിയാടിച്ചതിനൊപ്പം ആയിരങ്ങൾക്ക് ഭക്ഷണവും വിളമ്പി. കുഞ്ഞിമംഗലത്താണ് അർജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷിക്കാൻ ആരാധകർ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിക്കുകയും ആയിരങ്ങൾക്ക് അന്നദാനം നടത്തുകയും ചെയ്തത് .
കുതിരുമ്മലിലെ പി.വി ഷിബുവും സുഹൃത്തുക്കളും ചേർന്ന കുതിരുമ്മൽ ഫാൻസാണ് ഈ വേറിട്ട വിജയാഘോഷത്തിന് പിന്നിൽ. ഇവർ തൊട്ടടുത്ത വയലിൽ ഏകദേശം 55 അടിയോളം ഉയരമുള്ള മെസിയുടെ കട്ടൗട്ട് ഉയർത്തിയത് ഏറെ പ്രയാസപ്പെട്ടാണ്. അന്ന് ഷിബു പ്രാർത്ഥിച്ചതാണ് മെസി കപ്പടിച്ചാൽ ഇവിടെ വച്ച് വെള്ളാട്ടം കെട്ടിയാടിക്കാമെന്നും ചുരുങ്ങിയത് 2000 പേർക്കെങ്കിലും ഭക്ഷണം നൽകാമെന്നും. സുഹൃത്തുക്കളോടും ഷിബു ഇക്കാര്യം പറഞ്ഞിരുന്നു. അവരും സമ്മതിച്ചു.
നേർച്ചയുടെ ഭാഗമായിട്ടാണ് കുതിരുമ്മൽ ഫാൻസ് ഇന്നലെ വെള്ളാട്ടവും അന്നദാനവും നടത്തിയത്.കുതിരുമ്മൽ തെരുവിലെ റേഷൻ കടയ്ക്ക് സമീപം കെട്ടിയാടിച്ച മുത്തപ്പൻ വെള്ളാട്ടത്തിന്റെ കോലധാരി കുഞ്ഞിമംഗലത്തെ സജീവൻ പെരുവണ്ണാനായിരുന്നു. അർജന്റീനയുടെ ആരാധകർക്ക് പുറമെ നിരവധി ഭക്തർ മുത്തപ്പനെ തൊഴാനും അനുഗ്രഹം നേടാനും എത്തിയിരുന്നു.
കുട്ടിക്കാലം മുതൽ അർജന്റീനയുടെ കടുത്ത ആരാധകരായിരുന്നു ഞാനും കൂട്ടുകാരും. കുഞ്ഞിമഗംലം ഉൾപ്പെടെയുള്ള ഈ പ്രദേശവും അർജന്റീന ആരാധകരുടെ ശക്തികേന്ദ്രങ്ങളാണ്. പയ്യന്നൂർ ഭാഗത്തെ മെസ്സിയുടെ ഏറ്റവും വലിയ കട്ടൗട്ടായിരുന്നു കുതിരുമ്മലിൽ സ്ഥാപിച്ചത്-