ഇന്ത്യയിലെ ആദ്യ സമ്പൂർണ ലൈബ്രറി മണ്ഡലമാവാൻ ധർമ്മടം
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലൈബ്രറി മണ്ഡലമാവാൻ ധർമ്മടം. മണ്ഡലതല പ്രഖ്യാപനം ഡിസംബർ 25ന് രാവിലെ 11 മണിക്ക് പിണറായി ബാങ്ക് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഡോ. വി. ശിവദാസൻ എം.പിയുടെ നേതൃത്വത്തിൽ പീപ്പിൾസ് മിഷൻസ് ഫോർ സോഷ്യൽ ഡെവലപ്മെന്റ് മിഷന്റെ ഭാഗമായി വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും യോഗങ്ങൾ ചേരുകയും ജനകീയ സമിതികൾ രൂപീകരിക്കുകയും ചെയ്തു.
നിലവിൽ ധർമ്മടം മണ്ഡലത്തിൽ 138 വാർഡുകളാണുള്ളത്. ഇതിൽ 63 വാർഡുകളിൽ ലൈബ്രറി ഉണ്ടായിരുന്നില്ല. ഇവിടെയും ലൈബ്രറികൾ സ്ഥാപിക്കാൻ മിഷന്റെ ഭാഗമായി സാധിച്ചു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും മുഴുവൻ വാർഡുകളിലും ലൈബ്രറി രൂപീകരിച്ചതിന്റെ പ്രഖ്യാപനം നടത്തിയതിന്റെ തുടർച്ചയായാണ് മണ്ഡലതല സമ്പൂർണ്ണ ലൈബ്രറി പ്രഖ്യാപനം നടത്തുന്നത്.
ജനകീയ കമ്മറ്റികളുടെ നേതൃത്വത്തിൽ ലൈബ്രറികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. ചടങ്ങിൽ ഡോ. വി .ശിവദാസൻ എം .പി അധ്യക്ഷത വഹിക്കും.