വിദ്യാർഥിയുടെ മരണം; കാരണമായത് ബസിന്റെ അമിത വേഗതയെന്ന് റിപ്പോർട്ട്

കണ്ണൂർ: ബൈക്കിൽ സഞ്ചരിച്ച എം.ബി.ബി.എസ് വിദ്യാർഥി മിഫ്സലുറഹ്മാന്റെ മരണത്തിനിടയാക്കിയത് കെ.എസ്.ആർ.ടി.സി ബസിന്റെ അമിത വേഗതയും അശ്രദ്ധയുമെന്ന് റിപ്പോർട്ട്. അപകടം നടന്ന ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെയും ദൃക്സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് തയാറാക്കിയ റിപ്പോർട്ടിലാണ് അപകട കാരണം കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന്റെ അലംഭാവമെന്ന് വ്യക്തമാക്കുന്നത്.
ദേശീയപാത തളിപ്പറമ്പിൽ ഏഴാംമൈലിൽ ഡിസംബർ 12ന് രാവിലെയാണ് വിദ്യാർഥിയുടെ ജീവനെടുത്ത അപകടം. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥിയായ യുവാവ് കോഴിക്കോട്ടെ ഫുട്ബാൾ പരിശീലന ക്യാമ്പിലേക്ക് പോകുന്നതിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് ബൈക്കിൽ പോവുമ്പോഴാണ് അപകടമുണ്ടായത്.
പാലക്കാട്ടുനിന്ന് മംഗളൂരുവിലേക്ക് പോകുന്ന സ്വിഫ്റ്റ് ബസ് മുന്നിൽ പോകുന്ന പിക്കപ്പ് ലോറിയെ മറികടക്കുകയും ശേഷം തെറ്റായ ദിശയിലൂടെ സഞ്ചരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. എതിരെ വരുകയായിരുന്ന ബൈക്കിന് സഞ്ചരിക്കാനിടമില്ലാത്ത വിധമാണ് ബസ് പിന്നീട് സഞ്ചരിച്ചത്.
അമിത വേഗതക്കൊപ്പം അശ്രദ്ധയും നിയമലംഘനവുമാണ് ബസ് ഡ്രൈവർ നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. മുന്നിലുള്ള പിക്അപ് ലോറിയെ മറികടന്നശേഷം സ്വന്തം ദിശയിലൂടെ ബസ് സഞ്ചരിച്ചിരുന്നുവെങ്കിൽ 22കാരന്റെ ജീവിതം പൊലിയുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നുമാണ് പൊലീസ് നിഗമനം.
തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസിൽ ഫസൽറഹ്മാൻ- മുംതാസ് ദമ്പതികളുടെ മകനാണ് മിഫ്സലുറഹ്മാൻ. മികച്ച ഫുട്ബാൾ കളിക്കാരൻ കൂടിയായ യുവാവ് ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുണ്ട്. സൗത്ത്സോൺ ഇന്റർ യൂനിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിനുള്ള കേരള ആരോഗ്യ സർവകലാശാല ടീമിലേക്കുള്ള സെലക്ഷൻ ട്രയൽ മൽസരത്തിന് ഒരുങ്ങുന്നതിനിടെയാണ് വിയോഗം.