കേരളം ആട്ടം തുടങ്ങി; സംസ്ഥാന കേരളോത്സവം കലാ മത്സരത്തിൽ കോഴിക്കോട് ജില്ല ഒന്നാമത്

കണ്ണൂർ: സംസ്ഥാന കേരളോത്സവം കലാമത്സരത്തിൽ 48 പോയിന്റുമായി കോഴിക്കോട് ജില്ല ഒന്നാമത്. 46 പോയിന്റുമായി പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 33 പോയിന്റുമായി ആതിഥേയരായ കണ്ണൂർ മൂന്നാം സ്ഥാനത്തുണ്ട്. നഗരത്തിൽ 6 വേദികളിലായാണ് മത്സരം നടക്കുന്നത്.
ഇന്നലെ കേരളനടനം, ഭരതനാട്യം, തിരുവാതിര, വഞ്ചിപ്പാട്ട്, നാടോടിപ്പാട്ട്, ഫ്ലൂട്ട്, തബല, കാർട്ടൂൺ, ചിത്രരചന, കവിതാരചന, കഥാരചന, ഉപന്യാസ രചന, നാടകം, ലളിതഗാനം തുടങ്ങിയ മത്സരങ്ങൾ നടന്നു. ഇന്ന് 9ന് മത്സരങ്ങൾ ആരംഭിക്കും. 14 ജില്ലകളിൽ നിന്നുമുള്ള മത്സരാർഥികൾ പങ്കെടുക്കുന്നുണ്ട്. 3 ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിൽ മൂവായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. കേരളോത്സവം നാളെ സമാപിക്കും.
തബലയിൽ നേട്ടം കൊയ്ത് അശ്വതി
കണ്ണൂർ∙ തബലയിൽ താളം പിടിക്കുമ്പോൾ അശ്വതിയുടെ കൈകൾക്കു ചടുലത കൂടും. പത്തനംതിട്ടയിലെ പന്തളത്തു നിന്ന് കണ്ണൂരിലെത്തി സംസ്ഥാന കേരളോത്സവത്തിൽ തബലയിൽ രണ്ടാം സ്ഥാനം നേടിയാണ് അശ്വതി മടങ്ങിയത്. തബല, ഡ്രംസ് എന്നിവയും ക്ലാസിക്കൽ ഡാൻസും എസ്.അശ്വതിക്ക് എളുപ്പമുള്ള ഇനങ്ങളാണ്.
സ്ത്രീകൾ കുറവുള്ള തബലയിൽ ഒട്ടേറെ വേദികളിൽ അശ്വതി പരിപാടി അവതരിപ്പിച്ചുകഴിഞ്ഞു.മാവേലിക്കര ഐഎച്ച്ആർഡി കോളജിൽ രണ്ടാംവർഷ എംകോം വിദ്യാർഥിനിയാണ്. ഇത്തവണ കേരള സർവകലാശാല കലോത്സവത്തിൽ തബലയിൽ ഒന്നാം സ്ഥാനവും ഡ്രംസിൽ രണ്ടാംസ്ഥാനവും നേടിയിരുന്നു. പിതാവ് അനിൽകുമാർ ആവണി തബലിസ്റ്റാണ്. അമ്മ ആർ.ഷീജ.
മുത്തശ്ശിച്ചിത്രം വരച്ച് ഒന്നാമത്
കണ്ണൂർ∙ കേരളോത്സവത്തിലെ ചിത്രരചനാ മത്സരത്തിൽ ‘പെൻഷൻ തുക കൈപ്പറ്റിയ മുത്തശ്ശിയോടൊപ്പം കുടുംബം’ എന്ന വിഷയം കേട്ടപ്പോൾ തന്നെ ഇരിട്ടി കാക്കയങ്ങാട് സ്വദേശി പി.ജിജിക്ക് കൂടുതൽ ആലോചിക്കേണ്ടതായി വന്നില്ല. എന്നും കാണുന്ന, പെൻഷൻ വാങ്ങുന്ന അമ്മമാരെ മനസ്സിൽ കണ്ട് പേപ്പറിലേക്ക് പകർത്തി, ഒന്നാം സ്ഥാനം കൂടെ കൂട്ടി.
12 പേർ മത്സരിച്ചതിൽ നിന്നാണ് ജിജി ഒന്നാം സ്ഥാനത്തെത്തിയത്. കിളിയന്തറ സെന്റ് തോമസ് എച്ച്എസ്എസിലെ അധ്യാപികയാണ്. ഭർത്താവ് കെ.രതീഷ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. നിമിഷങ്ങൾക്കുള്ളിൽ ഒരാളുടെ മുഖചിത്രം വരയ്ക്കുന്നതിൽ വിദഗ്ധയാണ് ജിജി. മക്കൾ: ജാനി, തേജ.
വേദികളിൽ ഇന്ന്
വേദി –1 പൊലീസ് മൈതാനംദഫ്മുട്ട്, മാർഗംകളി, വട്ടപ്പാട്ട്, ഒപ്പന, കോൽക്കളി, സംഘനൃത്തം വേദി–2 ദിനേശ് ഓഡിറ്റോറിയം നാടകംവേദി–3മുനിസിപ്പൽ ഹൈസ്കൂൾചെണ്ട, ചെണ്ടമേളം, നാടോടിനൃത്തം, ഓട്ടൻതുള്ളൽ, കഥകളിവേദി–4ജവാഹർ ലൈബ്രറിസംഘഗാനം, ദേശഭക്തിഗാനം, കഥാപ്രസംഗംവേദി–5ജവാഹർ ലൈബ്രറിവയലിൻ, വീണ, മദ്ദളം, ഗിത്താർവേദി–6കോളജ് ഓഫ് കൊമേഴ്സ്കളിമൺ ശിൽപനിർമാണം, ഫ്ലവർ അറേഞ്ച്മെന്റ്, മെഹന്തി
പോയിന്റ് നില
തിരുവനന്തപുരം–0കൊല്ലം –13പത്തനംതിട്ട – 8ആലപ്പുഴ– 21കോട്ടയം –6ഇടുക്കി– 6എറണാകുളം– 18തൃശൂർ– 16പാലക്കാട് –46മലപ്പുറം –18കോഴിക്കോട് –48വയനാട് –20കണ്ണൂർ– 33\കാസർകോട്– 7