പാസിങ് ഔട്ട് പരേഡ് നയിച്ച ആദ്യ വനിതയായ നീതു രാജ്

മങ്ങാട്ടുപറമ്പ്: കെ.എ.പി ക്യാമ്പിൽ തിങ്കളാഴ്ച നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ പാസിങ് ഔട്ടിലെ ശ്രദ്ധാകേന്ദ്രം നീതു രാജു എന്ന ബീറ്റ് ഓഫിസറായിരുന്നു. കോട്ടയം സ്വദേശിനി നീതുവാണ് പരേഡ് നയിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനം ഏറ്റെടുക്കുന്നത്.
പൊലീസിൽ നിന്നും മാറി പ്രകൃതിയോടുള്ള അമിതമായ താൽപര്യത്തോടെയാണ് വനം വകുപ്പിലെത്തിയത്. 2002 മുതലാണ് വനം വകുപ്പിൽ ഇത്തരം പരിശീലനങ്ങളും പാസിങ് ഔട്ട് പരേഡും നടക്കുന്നത്. കോട്ടയം മീനച്ചിൽ ഉഴവൂരിലെ മണിമല പുത്തൻ വീട്ടിൽ നീതു 2017ലാണ് പൊലീസിൽ ചേർന്നത്.
പിന്നീട് 2020ൽ ആ ജോലി ഉപേക്ഷിച്ചാണ് വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറായത്. പരിശീലനത്തിനിടയിലെ മികച്ച നിലവാരമാണ് പരേഡ് നയിക്കാനുള്ള ആദ്യ വനിതയെന്ന ഉത്തരവാദിത്തം നീതുവിന് ലഭിച്ചത്. അധ്യാപക പരിശീലനം പൂർത്തിയാക്കിയ നീതുവിന്റെ ഭർത്താവ് ബിസിനസുകാരനായ അരുൺ എം. സജിയാണ്.
അധ്യാപകനായിരുന്ന കെ.പി. രാജന്റെയും നഴ്സായിരുന്ന എം.എൻ. ഓമനയുടെയും മകളാണ്. നിലവിൽ എരുമേലി വനം റേഞ്ചിലാണ് നീതു ജോലി ചെയ്യുന്നത്.