മുറിയിൽ ഭാര്യയെ കാണാതായതോടെ പോലീസിൽ പരാതി നൽകി, തൂങ്ങിമരിച്ചത് ടെറസിലെ തുണികൾക്കിടയിൽ; മരുമകനെതിരെ പരാതിയില്ലെന്ന് നടൻ ഉല്ലാസിന്റെ ഭാര്യാ പിതാവ്
പത്തനംതിട്ട: മകൾ ആശയുടെ മരണത്തിൽ മരുമകൻ ഉല്ലാസ് പന്തളത്തിനെതിരെ പരാതിയില്ലെന്ന് പിതാവ് ശിവാനന്ദൻ. മാനസികമായ എന്തെങ്കിലും അസ്വസ്ഥതകളാകാം ആത്മഹത്യയ്ക്ക് കാരണമെന്നും ഭർത്താവുമായി മകൾക്ക് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മകളുടെ മരണത്തിൽ ദുരൂഹതയില്ല. കുട്ടികളും പറഞ്ഞത് അമ്മ ആത്മഹത്യ ചെയ്‌തെന്നാണ്. കുടുംബത്തിൽ ആരും ഉല്ലാസിനെതിരെ വഴക്കിനൊന്നും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഉല്ലാസിന്റെ മകന്റെ പിറന്നാളായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
ഇന്ന് പുലർച്ചെയാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആശയും മക്കളും ഇന്നലെ ഒന്നാം നിലയിലെ കിടപ്പുമുറിയിലായിരുന്നു കിടന്നത്. കുറച്ച് കഴിഞ്ഞ ഉല്ലാസ് റൂമിൽ ചെന്നപ്പോൾ ഭാര്യയുണ്ടായിരുന്നില്ല. വീട്ടിലെ മറ്റ് മുറികളും പരിസരവും പരിശോധിച്ചിട്ടും കണ്ടില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ ഒന്നാം നിലയിലെ ടെറസിൽ ഷീറ്റിട്ട ഭാഗത്ത് തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. തുണികൾക്കിടയിലായതിനാലാകാം ആദ്യം നോക്കിയപ്പോൾ കാണാതിരുന്നതെന്നാണ് സൂചന. അടുത്തിടെയാണ് കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയത്.