ബഫർ സോൺ: മലയോരത്ത് പ്രതിഷേധം,​ ആശങ്ക

Share our post

കേളകം: പരിസ്ഥിതി ലോല മേഖലാ വിഷയത്തിൽ ഉപഗ്രഹ സർവേയിലൂടെ പൂർത്തിയാക്കിയ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളോട് ചേർന്നുള്ള ഭൂപടത്തിലെ അവ്യക്തതകൾ മലയോര നിവാസികളെ ആശങ്കാകുലരാക്കിയതിനു പിന്നാലെ കടുത്ത നിലപാടുകളും പ്രതിഷേധവുമായി കർഷക സംഘടനകൾ രംഗത്തെത്തി.

ബഫർ സോൺ ഭൂപടം തയ്യാറാക്കിയതിലൂടെ മലയോര കർഷകരെ നിശബ്ദമായി കുടിയിറക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച് അടക്കാത്തോട്ടിൽ ഓൾ കേരള കത്തോലിക്കാ കോൺഗ്രസിന്റെയും, കേരള ഇൻഡിപ്പെൻഡൻഡ് ഫാർമേഴ്സ് അസോസിയേഷന്റെയും (കിഫ) നേതൃത്വത്തിൽ പ്രതിഷേധറാലിയും പൊതുയോഗവും നടത്തി.

ബഫർസോൺ മാപ്പിലെ അവ്യക്തതകൾ പരിഹരിക്കണമെന്നും ഉപഗ്രഹ സർവേ മാപ്പിൽ തങ്ങളുടെ വീടും സ്ഥലവും എവിടെയെന്ന് അടയാളപ്പെടുത്തിത്തരണമെന്നും ആവശ്യപ്പെട്ട് കൊട്ടിയൂർ വില്ലേജ് ഓഫീസിൽ കിഫയുടെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധവുമായെത്തി. സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പ് അവ്യക്തമാണെന്നും ഇതുപ്രകാരം വീടുകളും അനുബന്ധ സ്ഥാപനങ്ങളും കണ്ടു പിടിക്കാനാകില്ലെന്നും വില്ലേജ് ഓഫീസർ രാധ കർഷകരോട് പറഞ്ഞു.

തുടർന്ന് കർഷകർ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ ആശങ്കയുമായെത്തി. പഞ്ചായത്ത് സെക്രട്ടറിക്കും വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല.മാപ്പിലെ അപാകതകൾ പരിഹരിക്കാൻ വനം വകുപ്പ് തയ്യാറാകാത്തതും ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിന് തീയതി നീട്ടി നൽകാത്തതും ജനങ്ങളോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണെന്ന് കിഫ ആരോപിച്ചു. സർക്കാർ വനം വകുപ്പിനെ ഉപയോഗിച്ച് കർഷകരെയും ജനങ്ങളെയും വഞ്ചിക്കുകയാണെന്ന് കിഫയുടെ പ്രസ്താവനയിൽ പറയുന്നു.

പ്രതിഷേധ മാർച്ചുമായി കർഷക കോൺഗ്രസ്ബഫർ സോൺ വിഷയത്തിൽ സർക്കാർ നടപടികൾ പിൻവലിക്കുക, വനാതിർത്തിക്കുള്ളിൽ സീറോ പോയിന്റായി ബഫർസോൺ നിശ്ചയിക്കുക, വിലക്കയറ്റം തടയുക, കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി കർഷക കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖത്തിൽ കേളകം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

കേളകം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണാ സമരം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അലക്സാണ്ടർ കുഴിമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു.പടം : കർഷക കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന ധർണാ സമരം ജില്ലാ പ്രസിഡന്റ് ജോസ് പൂമല ഉദ്ഘാടനം ചെയ്യുന്നു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!