കർഷകർക്ക്‌ മധുരം പകരും മാംഗോ പ്രൊഡ്യൂസർ കമ്പനി

Share our post

കണ്ണൂർ: കൃത്യമായി പഴുപ്പിക്കനോ, മൂല്യവർധിത ഉൽപ്പന്നങ്ങളാക്കാനോ കഴിയാതെ മാമ്പഴക്കാലത്ത്‌ കോടിക്കണക്കിന്‌ മാങ്ങകൾ പാഴാകുന്നത്‌ പതിവാണ്‌. ഫലവർഗങ്ങളുടെ രാജാവും രാജ്യത്തിന്റെ ദേശീയ ഫലവുമായിട്ടും കർഷകർക്ക്‌ ഈ കൃഷി കാര്യമായ മധുരം പകരാറില്ല. മാങ്ങയെ എങ്ങിനെ കർഷകർക്ക്‌ താങ്ങാക്കി മാറ്റിയെടുക്കാമെന്ന ചിന്തയിൽനിന്നാണ്‌ കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി പിറവിയെടുക്കുന്നത്‌.

നാടാകെ ഖ്യാതിയുള്ള കുറ്റ്യാട്ടൂർ മാങ്ങയുടെ ജന്മദേശത്ത്‌ ഇത്തരമൊരു കമ്പനി രൂപം കൊണ്ടത്‌ യാദൃശ്‌ചികമല്ല. വിശദമായ പദ്ധതിയും മുന്നൊരുക്കവും നടത്തിയാണ്‌ 2016ൽ കമ്പനി പ്രവർത്തനം തുടങ്ങിയത്‌. 616 അംഗങ്ങളാണുള്ളത്‌. 2021ൽ കുറ്റ്യാട്ടൂർ മാങ്ങയ്‌ക്ക്‌ ഭൗമ സൂചികാ പദവി ലഭിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ മാത്രം പ്രതിവർഷം 4000 ടൺ മാങ്ങ ഉൽപാദിപ്പിക്കുന്നുണ്ട്‌.

ഇതിന്‌ ആറുകോടി രൂപയുടെ മൂല്യമാണ്‌ കണക്കാക്കുന്നത്‌. കുറ്റ്യാട്ടൂർ മാങ്ങ മൂല്യവർധിത ഉൽപ്പന്നമാക്കി വിപണിയിൽ ഇറക്കിയാൽ വർഷം 12 കോടി രൂപയുടെ വിപണന സാധ്യതയുണ്ട്‌.ദേശ സൂചികാ പദവി ലഭിച്ചതിനാൽ കൂറ്റ്യാട്ടൂർ മാമ്പഴം കേരള മാംഗോയെന്ന നിലയിൽ വിപണിക്ക്‌ പ്രിയ ഇനമാകും. അന്തർദേശീയ നിലവാരമുള്ള ഭൗമ സൂചികാ പദവി (ജിഐ) ടാഗ്‌ നേടിയ കേരളത്തിലെ ഏക മാമ്പഴമാണ്‌.

ഈ വർഷം മുതൽ പ്രോഡ്യൂസർ കമ്പനി കർഷകരിൽനിന്ന്‌ മാങ്ങ നേരിട്ട്‌ സംഭരിക്കുകയും വില അതത്‌ സമയത്ത്‌ നൽകുകയും ചെയ്യും. സംഭരിച്ച മാങ്ങ വൃത്തിയാക്കി, ഗ്രേഡ്‌ തിരിച്ച്‌ ഗുണമേന്മ ഉറപ്പാക്കി ജിഐ മുദ്ര പതിപ്പിച്ചാണ്‌ വിപണിയിൽ ഇറക്കുക.കമ്പനി നഴ്‌സറിയിലൂടെ മാവിൻ തൈകളും ഗ്രാഫ്‌റ്റ്‌ തൈകളും വിതരണം ചെയ്യുന്നുണ്ട്‌. മൂല്യവർധിത ഉൽപ്പന്നങ്ങളായ മാംഗോ പൾപ്പ്‌, സ്‌ക്വാഷ്‌ ജാം, ജ്യൂസ്‌, മാംഗോബർ, പച്ചമാങ്ങ സ്‌ക്വാഷ്‌, ജാം ,ജ്യൂസ്‌, ഗ്രീൻ മാങ്കോ പൗഡർ, അടമാങ്ങ എന്നിവ ഉൽപ്പാദിപ്പിച്ച്‌ വിപണം നടത്തുന്നുണ്ട്‌.

നബാർഡിന്റെയും വ്യവസായ വകുപ്പിന്റെയും സഹായത്തോടെ ആധുനിക യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന്‌ ചെയർമാൻ വി ഒ പ്രഭാകരനും എം.ഡി. കെ ഉണ്ണിക്കൃഷ്‌ണനും പറഞ്ഞു. കൃഷി വകുപ്പും കാർഷിക സർവകലാശാലയും സഹകരിച്ചാൽ കുറ്റ്യാട്ടൂർ മാങ്ങയെ ലോക വിപണിയിലെത്തിക്കാനും അതിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാനും കഴിയുമെന്നും ഇരുവരും വ്യക്തമാക്കി. ഫോൺ: 9744202555.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!