സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ

കണ്ണൂർ: ‘‘കേരളത്തിൽ സ്ത്രീകൾ എത്രയോ സുരക്ഷിതരാണ്. മികച്ച സ്വീകരണമാണിവിടെ ലഭിച്ചത്’’ സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ട് സൈക്കിളിൽ ഇന്ത്യ ചുറ്റുന്ന മധ്യപ്രദേശുകാരി ആശ മാൽവിയ ആവേശത്തോടെയാണ് പറഞ്ഞത്. ദേശീയ കായിക താരവും പർവതാരോഹകയുമായ ആശ സൈക്കിളിൽ 20,000 കിലോമീറ്ററാണ് ലക്ഷ്യമിടുന്നത്. കണ്ണൂരിലെത്തിയ ആശ പിണറായി കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു.
നവംബർ ഒന്നിന് ഭോപ്പാലിൽനിന്ന് പുറപ്പെട്ട് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങൾ സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്. തമിഴ്‌നാട്, കർണാടക, ഒഡിഷ വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കടന്ന് ജമ്മു കശ്മീർ ഉൾപ്പെടെ ഇന്ത്യ മുഴുവൻ യാത്ര ചെയ്യാനാണ് തീരുമാനം. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് തിരിച്ചു.
മൂന്ന് മുഖ്യമന്ത്രിമാരെ നേരിൽ കണ്ടു. കലക്ടർമാരെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെയും കണ്ട് സംസാരിക്കും. ഡൽഹിയിലെത്തി രാഷ്ട്രപതിയെ കാണണം. മധ്യപ്രദേശിലെ രാജ്ഘർ ജില്ലയിലെ നടാറാം ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ആശ ദേശീയ കായിക മത്സരങ്ങളിൽ അത്‌ലറ്റിക്‌സിൽ മൂന്ന് തവണനേട്ടം കൈവരിച്ചു.
300 ഓളം സൈക്കിൾ റൈഡുകൾ പൂർത്തിയാക്കി. ദിവസം 250 കിലോമീറ്ററോളം സൈക്കിളിൽ സഞ്ചരിക്കും.
വീട്ടിൽ അമ്മയും അനിയത്തിയുമാണുള്ളത്. യാത്രാനുഭവം ഉൾപ്പെടുത്തി ഒരു പുസ്തകമെഴുതാനുള്ള ശ്രമത്തിലാണ് ഈ ഇരുപത്തിനാലുകാരി.