ലൈഫ് പദ്ധതിയിലൂടെ പാർപ്പിട പ്രശ്നം സമ്പൂർണമായി പരിഹരിക്കും: എം .വി ഗോവിന്ദൻ

കരുനാഗപ്പള്ളി : ലൈഫ് പദ്ധതിയിലൂടെ കേരളത്തിലെ പാർപ്പിട പ്രശ്നം സമ്പൂർണമായി പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ പറഞ്ഞു. കെ.എസ്ടി.എ കരുനാഗപ്പള്ളി ഉപജില്ലാ കമ്മിറ്റി ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ ഭാഗമായി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി സന്നദ്ധസംഘടനകളും വ്യക്തികളും ലൈഫ് പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.
കുട്ടികളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാവുന്ന കെഎസ്‌ടിഎ ‘കുട്ടിക്കൊരു വീട്’ പദ്ധതിയിലൂടെ മികച്ച മാതൃകയാണ് നടപ്പാക്കുന്നത്. എല്ലാ മനുഷ്യരുടെയും ജീവിതനിലവാരം ഉയർത്തി ആധുനിക വിജ്ഞാനസമൂഹത്തിലേക്ക് കുതിക്കാനുള്ള പദ്ധതികൾക്കാണ് കേരളത്തിൽ രൂപംനൽകുന്നതെന്നും എം .വി ഗോവിന്ദൻ പറഞ്ഞു.
സംഘാടകസമിതി ചെയർമാൻ പി കെ ജയപ്രകാശ് അധ്യക്ഷനായി. സി.പി.ഐ .എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി. രാധാമണി, ജില്ലാ കമ്മിറ്റി അംഗം പി .കെ. ബാലചന്ദ്രൻ, കെ.എസ്ടി.എ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജി. കെ ഹരികുമാർ, ടി. ആർ മഹേഷ്, എസ്. സബിത, സംസ്ഥാന കമ്മിറ്റി അംഗം ആർ .ബി ശൈലേഷ് കുമാർ, ജില്ലാ സെക്രട്ടറി ബി സജീവ്, പ്രസിഡന്റ് എസ് സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൽ. എസ് ജയകുമാർ, കെ .രാജീവ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീകുമാരൻപിള്ള, എം. കെ ലേഖകുമാരി, ഉപജില്ലാ സെക്രട്ടറി ഒ അനീഷ്, പ്രസിഡന്റ് ജെ പി ജയലാൽ,
പ്രധാനാധ്യാപികമാരായ രശ്മിദേവി, എസ്. ഐ .ജമീല, സി.പി.ഐ എം ലോക്കൽ സെക്രട്ടറി ആർ .ശ്രീജിത്, ബ്രാഞ്ച് സെക്രട്ടറി പ്രമോദ് ശിവദാസ് എന്നിവർ സംസാരിച്ചു. കൺവീനർ എ. എ സമദ് സ്വാഗതവും ഉപജില്ലാ ട്രഷറർ അശ്വതി ആർ നന്ദിയും പറഞ്ഞു. വീട് നിർമാണം മികച്ച രീതിയിൽ പൂർത്തിയാക്കിയ സുരേഷ് പാലക്കോടിനെ എം. വി ഗോവിന്ദൻ ആദരിച്ചു.
കരുനാഗപ്പള്ളി യു.പി.ജി.എസിൽ ഏഴാം ക്ലാസിലും ബോയ്‌സ് എച്ച്എസ്.എസിൽ എട്ടിലും പഠിക്കുന്ന സഹോദരങ്ങൾക്കാണ് വീട് നിർമിച്ചുനൽകിയത്. എട്ടുലക്ഷം രൂപ ചെലവിൽ 500 ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള വീടാണ് നിർമിച്ചത്. വൃക്കരോഗിയായ അച്ഛന്റെ മരണശേഷം ബന്ധുവിന്റെ വീട്ടിലായിരുന്നു കുട്ടികളും അമ്മയും താമസിച്ചിരുന്നത്. സ്വന്തമായി ഭൂമി ഇല്ലാതിരുന്ന കുടുംബത്തിന് കെഎസ്‌ടിഎ ഇടപെടലിലാണ് ബന്ധുക്കൾ ഭൂമി ലഭ്യമാക്കിയത്. കരുനാഗപ്പള്ളി ഉപജില്ലയിൽ കെ.എസ്.ടി.എ ഉപജില്ലാ കമ്മിറ്റി നിർമിച്ചുനൽകുന്ന രണ്ടാമത്തെ വീടാണിത്.