വികസന പ്രവർത്തനങ്ങളെ എതിർക്കുന്നവർക്കൊപ്പം നിൽക്കാനാവില്ല: മുഖ്യമന്ത്രി
പെരളശേരി: വികസന പ്രവർത്തനങ്ങളെ സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ച് എതിർക്കുന്നവരുടെ കൂടെ നിൽക്കാൻ നാടിന്റെ ഭാവിയിൽ താൽപ്പര്യമുള്ള സർക്കാറിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചേരിക്കൽ-–- കോട്ടം പാലം പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
75,000 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് കിഫ്‌ബി വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്നത്.
ഇത് കാണുമ്പോൾ അപൂർവം ചിലർക്ക് ചില മനപ്രയാസം ഉണ്ടാകുന്നുണ്ട്. അവർ വികസനത്തിനെതിരായി ചിന്തിക്കും, തെറ്റിദ്ധാരണ പരത്തും. എന്നാൽ, നാടിന് ഇതേപ്പറ്റി നല്ല ബോധ്യമുണ്ട്. നാട്ടുകാർ എതിർക്കുന്നവർക്കൊപ്പമല്ല, സർക്കാറിനൊപ്പമാണ് നിൽക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ബാലഗോപാലൻ, പെരളശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി ഷീബ, തലശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം സജിത, പഞ്ചായത്തംഗങ്ങളായ സി ചന്ദ്രൻ, സി ബാബു, കെആർഎഫ്ബി പ്രോജക്ട് ഡയറക്ടർ ഡാർലിൻ കാർമലിറ്റ ഡിക്രൂസ്, എം കെ മുരളി, കെ സി മുഹമ്മദ് ഫൈസൽ, പ്രകാശൻ, അജയൻ മീനോത്ത്, ടി ഭാസ്‌കരൻ, വർക്കി വട്ടപ്പാറ, എം ജയപ്രകാശ്, താജുദ്ദീൻ മട്ടന്നൂർ എന്നിവർ പങ്കെടുത്തു.
പി ബാലൻ സ്വാഗതവും ടി സുനീഷ് നന്ദിയും പറഞ്ഞു. പിണറായി –- പെരളശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമിക്കുന്നത്. 11 സ്പാനുകളിലായി 225.95 മീറ്റർ നീളത്തിലാണ് പാലം പണിയുക. 11 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും. ചേരിക്കൽ ഭാഗത്ത് 215 മീറ്ററും കോട്ടം ഭാഗത്ത് 293 മീറ്ററും നീളത്തിൽ അനുബന്ധ റോഡും നിർമിക്കും.