ലുസെയ്‌ൽ സ്റ്റേഡിയത്തിന്റെ തനിപകർപ്പായി പയ്യാമ്പലം; പടുകൂറ്റൻ സ്ക്രീനിനു മുൻപിൽ പതിനായിരങ്ങൾ

കണ്ണൂർ: ഖത്തറിൽ നിന്നു കണ്ണൂരിലേക്ക് ഇന്നലെ ഒരു കാൽപന്തിന്റെ അകലം മാത്രം. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടന്ന ഖത്തറിലെ ലുസെയ്‌ൽ സ്റ്റേഡിയത്തിന്റെ തനിപകർപ്പു തന്നെയായി ഇന്നലെ രാത്രി കണ്ണൂർ പയ്യാമ്പലം കടപ്പുറം. ആവേശക്കടലിന്റെ തീരത്ത്, ആരാധകരുടെ ആകാംക്ഷത്തിരമാലകളിലേറി അർജന്റീനയും ഫ്രാൻസും ലോകകപ്പ് ഫുട്ബോളിന്റെ കലാശക്കളിയിൽ പയ്യാമ്പലത്തെ പൂഴിപ്പരപ്പിൽ ഏറ്റുമുട്ടി.
പടുകൂറ്റൻ സ്ക്രീനിനു മുൻപിൽ പതിനായിരങ്ങൾ മെസ്സിക്കും എംബാപ്പയ്ക്കും അകമ്പടിക്കാരായി. ഫിഫ ലോകകപ്പ് ഫൈനലിനോട് അനുബന്ധിച്ച് കണ്ണൂരിലെ ടെക്നിക്കൽ അക്കാദമി ആപ്പിൾ സ്കൂൾ ഒരുക്കിയ ‘ഫിഫ ബീച്ച് ഫെസ്റ്റ് 2022’ അക്ഷരാർഥത്തിൽ നാടിന്റെ ഉത്സവമായി.
350 ചതുരശ്ര വലുപ്പമുള്ള പടുകൂറ്റൻ സ്ക്രീനിൽ കളിയുടെ തത്സമയ പ്രദർശനമൊരുക്കിയാണ് കണ്ണൂരിലെ ഫുട്ബോൾ പ്രേമികൾക്ക് അവിസ്മരണീയ വിരുന്നൊരുക്കിയത്. അർജന്റീനയുടെയും ഫ്രാൻസിന്റെയും ആരാധകർ വൈകുന്നേരം തൊട്ടേ കടപ്പുറത്തേക്ക് ഒഴുകുകയായിരുന്നു. സെമി കാണാതെ പുറത്തായ ബ്രസീലിന്റെ ആരാധകരും നിരാശ മറച്ചുവച്ച് കലാശക്കളിയുടെ ആവേശപ്പോരിൽ പങ്കുചേരാനെത്തി.
8.30നു കിക്കോഫ് തൊട്ടേ ബിഗ് സ്ക്രീനിനു മുൻപിലെ ആൾക്കൂട്ടം അറബിക്കടലിനെ തോൽപിക്കുന്ന ആവേശക്കടലായി. രാജ്യമോ പതാകയോ നിറമോ ഒന്നും തന്നെ തടസ്സമായില്ല. കാൽപന്ത് പ്രണയം മാത്രം. ടെക്നിക്കൽ അക്കാദമി ആപ്പിൾ സ്കൂളിന്റെ പി.പി.നിസാം, എം.മുഹമ്മദ്, എ.പി.റാഷിദ്, കെ.ജദീർ, എം.അഷർ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി. മെഹ്ഫിൽ, ഡിജെ നൈറ്റ്, കരിമരുന്ന് പ്രയോഗം എന്നിവ ഫെസ്റ്റിനു കൊഴുപ്പേകി.
കേരളോത്സവ നഗരിയിൽ ഫുട്ബോൾ ടോക്ക്
കണ്ണൂർ∙ ലോകകപ്പ് ഫുട്ബോൾ കലാശക്കൊട്ടിനു ആവേശവുമായി പൊലീസ് മൈതാനിയിലെ കേരളോത്സവ നഗരിയിൽ ഫുട്ബോൾ ടോക്ക് സംഘടിപ്പിച്ചു. സംസ്ഥാന യുവജന ക്ഷേമ ബാേർഡിന്റെ നേതൃത്വത്തിലാണ് ചർച്ചാ വേദി സംഘടിപ്പിച്ചത്. മാധ്യമ പ്രവർത്തക എ.പി.സജിഷ മോഡറേറ്ററായിരുന്നു.
മുൻ ഫുട്ബോൾ താരം പി.കെ.ബാലചന്ദ്രൻ, സ്പോർട്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, ഫുട്ബോൾ താരം ബിനീഷ് കിരൺ, യുവജനക്ഷേമ ബോർഡ് അംഗം വി.കെ.സനോജ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് പ്രസിഡന്റ് എസ്.സതീഷ്, ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം കോച്ച് പി.വി.പ്രിയ, കായിക നിരീക്ഷകൻ പി.ദേവദാസ്, സ്പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി ഷിനിത്ത് പാട്യം, സന്ദീപ് ആലിങ്കൽ, കോമളവല്ലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബിഗ് സ്ക്രീനിൽ ഫൈനൽ മത്സരത്തിന്റെ തത്സമയ പ്രദർശനവും നടന്നു.