ഹിന്ദുത്വം രാഷ്‌ട്രീയ അജൻഡയെന്ന്‌ ജനതയെ ബോധ്യപ്പെടുത്തണം: തപൻസെൻ

Share our post

കോഴിക്കോട്‌: ഹിന്ദുത്വം മതപദ്ധതിയല്ല, രാഷ്‌ട്രീയ അജൻഡയാണെന്ന വസ്‌തുത മതവിശ്വാസികൾ ഉൾപ്പെടെയുള്ള സമൂഹത്തെ ബോധ്യപ്പെടുത്താനാകണമെന്ന്‌ സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു. ഹിന്ദുത്വം രാഷ്‌ട്രീയ അജൻഡയാണെന്ന്‌ സവർക്കർ തന്നെ സമ്മതിച്ചിട്ടുണ്ട്‌.

അത് ന്യൂനപക്ഷ വിരുദ്ധം മാത്രമല്ല, തൊഴിലാളിവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു പതിനഞ്ചാം സംസ്ഥാന സമ്മേളനം ടാഗോർ ഹാളി (കാട്ടാക്കട ശശി നഗർ)ൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മതം നോക്കിയല്ല അവർ തൊഴിലാളിവിരുദ്ധ നിലപാട്‌ സ്വീകരിക്കുന്നത്‌. ആരാണ്‌ യഥാർഥ ശത്രുവെന്ന്‌ തൊഴിലാളികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തണം.വർഗീയവൽക്കരണം മുതലാളിത്ത അജൻഡയാണെന്ന് തിരിച്ചറിയണം. ദ്രോഹ നയങ്ങൾ എല്ലാ വിഭാഗത്തെയും ഒരുപോലെയാണ്‌ ബാധിക്കുന്നത്‌. അതിന്‌ മതപരമായ വേർതിരിവില്ല.

എന്നാൽ, രാജ്യത്തെ കൊള്ളയടിക്കാൻ ഭരിക്കുന്നവർ വർഗീയവിഭജനം സൃഷ്ടിക്കുകയാണ്‌. കോർപറേറ്റ്‌, രാഷ്‌ട്രീയ കൂട്ടുകെട്ടാണ്‌ രാജ്യത്തെ നിയന്ത്രിക്കുന്നത്‌. നിക്ഷേപം നടത്താതെ ലാഭംകൊയ്യാൻ കോർപറേറ്റുകൾക്ക്‌ അവസരമൊരുക്കുകയാണ്‌.

തൊഴിലാളി വർഗം അധ്വാനിച്ചുണ്ടാക്കുന്ന മിച്ചമാണ്‌ കോർപറേറ്റുകൾക്ക് നൽകുന്നത്‌. പൊതുമേഖലാ ബാങ്കുകൾ കോർപറേറ്റുകളുടെ പത്തുലക്ഷം കോടി രൂപയുടെ കടമാണ്‌ എഴുതിത്തള്ളിയത്. ഇത്‌ ദേശവിരുദ്ധവും ക്രിമിനൽ പ്രവൃത്തിയുമാണ്‌. ഇതിനായി നിയമങ്ങളുണ്ടാക്കുന്നു. പാർലമെന്റിൽ ഭരണപക്ഷത്തോടൊപ്പം ബൂർഷ്വാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കുന്നു. ഇടതുപക്ഷ പാർടികൾ അവിടെ ഒറ്റപ്പെടുന്ന അനുഭവമാണ്.

മുതലാളിത്തം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല. അത്‌ രാജ്യത്തിന്റെ സാമ്പത്തിക സ്വാശ്രയത്വവും സാമൂഹിക സന്തുലിതാവസ്ഥയും തകർക്കും. കോർപറേറ്റുകൾ സമൂഹത്തിലേക്ക് നുഴഞ്ഞുകയറി പൊതുബോധത്തെ സ്വാധീനിക്കുന്നു. ഇത്‌ തുറന്നുകാണിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ബദൽ നയം നടപ്പാക്കാൻ ശ്രമിക്കുന്ന കേരളത്തെ തകർക്കാൻ സംഘടിത ഗൂഢാലോചനയാണ്‌ നടക്കുന്നത്‌.

ക്ഷേമപ്രവർത്തനങ്ങളിൽനിന്നെല്ലാം കേന്ദ്ര സർക്കാർ പിൻവാങ്ങുമ്പോൾ കേരളം മാറിച്ചിന്തിക്കുന്നു. അവശത അനുഭവിക്കുന്നവരുടെ ക്ഷേമം സർക്കാർ ഏറ്റെടുക്കുന്നു. എന്നാൽ, ഇതിനുള്ള സാമ്പത്തിക വിഭവസമാഹരണംപോലും കേന്ദ്രം തടയുകയാണ്‌. വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനാണ്‌ ശ്രമം. കോർപറേറ്റ്‌, വർഗീയ അജൻഡയെക്കുറിച്ച്‌ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയാണ്‌ ട്രേഡ്‌ യൂണിയനുകൾ ഏറ്റെടുക്കേണ്ട പ്രധാന രാഷ്‌ട്രീയദൗത്യമെന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!