പശുക്കൾ ചത്തസംഭവം കാലിത്തീറ്റയിൽ വിഷാംശമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

കണ്ണൂർ : കൂടാളി കോവൂരിലെ ഡെയറി ഫാമിൽ പശുക്കൾ ചത്ത സംഭവത്തെത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിൽ കാലിത്തീറ്റയിൽ വിഷാംശമില്ലെന്നു കണ്ടെത്തി. വകുപ്പ് ശേഖരിച്ച കേരള ഫീഡ്സ് കാലിത്തീറ്റയുടെ സാംപിൾ പരിശോധിച്ചതിൽ പൂപ്പലിന്റെയോ കീടനാശിനിയുടെയോ മറ്റ് മാരകമായ രാസവസ്തുക്കളുടെയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
പെട്ടെന്നുണ്ടായ വയർപെരുക്കമാണ് (അസിഡോസിസ്) പശു ചാകാനുള്ള കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ഇതു ദഹനസംബന്ധമായ അസുഖമാണ്. ഫാമിലെ മൂന്നു പശുക്കളും 5 കിടാക്കളും 4 കോഴികളുമാണ് ചത്തത്. ഒരു പശുവിന്റെ പോസ്റ്റ്മോർട്ടമാണു നടത്തിയത്. ഫാമിൽ സൂക്ഷിച്ചിരുന്ന മറ്റു കാലിത്തീറ്റകളുടെ സാംപിൾ പരിശോധിച്ചിട്ടില്ല.
കേരള ഫീഡ്സ് കാലിത്തീറ്റയാണ് ഈ ദിവസങ്ങളിൽ പശുക്കൾക്കു നൽകിയതെന്ന ഫാമുടമ കെ.പ്രതീഷ് പറഞ്ഞതിനെത്തുടർന്നാണ് ഇതിന്റെ സാംപിളുകൾ പരിശോധിച്ചത്.ചത്ത പശുവിന്റെ പോസ്റ്റ്മോർട്ടത്തിനു ശേഷം ആമാശയത്തിൽ നിന്നു ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ തിരുവല്ലയിലെ പക്ഷിരോഗ നിർണയ ലബോറട്ടറിയിലും പാലക്കാട് ആർപി ലബോറട്ടറിയിലുമാണ് പരിശോധനയ്ക്ക് അയച്ചത്.
പൂപ്പലിന്റെയും കീടനാശിനിയുടെയും സാന്നിധ്യം പരിശോധിച്ചിരുന്നു. തൃശൂർ മണ്ണുത്തിയിലെ വെറ്ററിനറി കോളജ് ലാബിലും സാംപിൾ പരിശോധിച്ചു. കണ്ണൂർ റീജനൽ ഡിസീസ് ഡയഗ്നോസ്റ്റിക്സ് ലാബിലെ പരിശോധനയിലും മരണകാരണം കാലിത്തീറ്റയിലെ വിഷാംശമല്ലെന്നു കണ്ടെത്തിയിരുന്നു. കേരള ഫീഡ്സ് നടത്തിയ പരിശോധനകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.
കൂടുതൽ പരിശോധന നടത്തും
പുല്ലു കഴിച്ചപ്പോഴോ വെള്ളത്തിലൂടെയോ ഉണ്ടായ പ്രശ്നങ്ങളാണ് പശുക്കൾ ചാകാൻ കാരണമായതെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. എന്നാൽ കാലിത്തീറ്റ മാറിയപ്പോൾ മറ്റു പ്രശന്ങ്ങളില്ല. ഇപ്പോഴും ഇതേ പുല്ലും വെള്ളവും തന്നെയാണ് നൽകുന്നത്. കോഴിക്കോട് ലാബിൽ സാംപിൾ പരിശോധനയ്ക്കു കൊടുത്തിട്ടുണ്ട്. കേരളത്തിനു പുറത്ത് ഒരു സ്ഥലത്ത് കൂടി പരിശോധനയ്ക്കു കൊടുക്കാൻ സാംപിൾ എടുത്തു വച്ചിട്ടുണ്ട്. കേരള ഫീഡ്സ് അധികൃതർ 4 ദിവസം മുൻപ് ബന്ധപ്പെട്ടിരുന്നു. നഷ്ടപരിഹാരം തരാമെന്ന് അറിയിച്ചിട്ടുണ്ട്.