തൃശൂർ ബസ് സ്റ്റാൻഡിൽ ബ്ലേഡ് ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡിൽ മദ്യപൻ നടത്തിയ ബ്ലേഡ് ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. തൃശൂർ സ്വദേശികളായ അനിൽ, മുരളി, നിഥിൻ എന്നിവരെ ആലപ്പുഴ സ്വദേശിയായ ഹരി കൈവശമുണ്ടായിരുന്ന ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു.
ബസ് സ്റ്റാൻഡിന് സമീപത്തുള്ള കള്ള് ഷാപ്പിലുണ്ടായ തർക്കമാണ് ബ്ലേഡ് ആക്രമണത്തിൽ കലാശിച്ചത്. ഷാപ്പിൽ നിന്ന് സ്റ്റാൻഡിലേക്ക് പോയ മൂന്നംഗ സംഘത്തെ പിന്തുടർന്ന ഹരി, പൊടുന്നനേ ബ്ലേഡ് ഉപയോഗിച്ച് ഇവരുടെ ശരീരത്തിൽ വരയുകയായിരുന്നു. അപകടത്തെത്തുടർന്ന് ബോധരഹിതരായ ഇവരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ആക്രമണം നടത്തിയ ഹരിയെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.