എതിരാളികളായ ‘കൂ’വിനും പൂട്ടിട്ട് ട്വിറ്റര്‍; ഇലോണ്‍ മസ്‌കിന്റെ നടപടികള്‍ക്കെതിരെ വിമര്‍ശനം

ട്വിറ്ററിന് എതിരായി അവതരിപ്പിച്ച ഇന്ത്യന്‍ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമാണ് കൂ. ഇലോണ്‍ മസ്‌ക് മേധാവിയായ ട്വിറ്റര്‍ പ്രതിസന്ധി നേരിട്ട സമയങ്ങളില്‍ വന്‍പ്രചാരണം നടത്തിക്കൊണ്ട് കൂ മുന്നേറിയിരുന്നു. ഇപ്പോഴിതാ കൂവിന്റെ ഒരു അക്കൗണ്ട് ട്വിറ്ററില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
ഉപയോക്താക്കള്‍ക്ക് സംശയനിവാരണം നടത്താനായി ഉപയോഗിച്ചിരുന്ന @kooeminence എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ലോകത്തുടനീളമുള്ള ചില പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കൂവിന്റെ ഒരു അക്കൗണ്ടും ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തതെന്നത് ശ്രദ്ധേയമാണ്.
ഇതിന് പിന്നാലെ ട്വിറ്ററിനെ വിമര്‍ശിച്ചുകൊണ്ട് ‘കൂ’വിന്റെ സഹസ്ഥാപകന്‍ മായങ്ക് ബിദാവത്ക രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിന്റെ നടപടികള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
കഴിഞ്ഞദിവസം വാഷിങ്ടണ്‍ പോസ്റ്റിലേയും ന്യൂയോര്‍ക്ക് ടൈംസിലേയും ഉള്‍പ്പടെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തത്. അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് കാരണം എന്താണെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അടുത്തകാലത്തായി ഇലോണ്‍ മസ്‌കിനെ കുറിച്ചും അദ്ദേഹം ട്വിറ്റര്‍ വാങ്ങിയതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ചുമെല്ലാം എഴുതിയ മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് പൂട്ടിപ്പോയത്.
ട്വിറ്ററിന്റെ ഡോക്സിങ് റൂള്‍ മറ്റെല്ലാവരെയും പോലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു ട്വീറ്റിന് ഇലോണ്‍ മസ്‌ക് മറുപടി നല്‍കിയത്. മറ്റുള്ളവരുടെ വ്യക്തിവിവരങ്ങള്‍ പൊതുമധ്യത്തില്‍ പങ്കുവെക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ് ട്വിറ്ററിന്റെ ഡോക്സിങ് റൂള്‍. വ്യാഴാഴ്ച മസ്‌കിന്റെ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ യാത്ര തത്സമയം പിന്തുടര്‍ന്ന് വിവരങ്ങള്‍ പങ്കുവെച്ചിരുന്ന അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡോക്സിങ് റൂള്‍ അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവര്‍ത്തകരുടേയും അക്കൗണ്ടുകള്‍ പൂട്ടിയത് എന്നാണ് സൂചന.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ റയാന്‍ മാക്ക്, വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ ഡ്ര്യൂ ഹാര്‍വെല്‍, സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ഡോണി ഒ സള്ളിവന്‍, മാഷബിള്‍ റിപ്പോര്‍ട്ടര്‍ മാറ്റ് ബൈന്റര്‍, എന്നവര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ചിലരാണ്. യുഎസിന്റെ നയങ്ങളും രാഷ്ട്രീയവും റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ആരോണ്‍ റുപാറിന്റെ അക്കൗണ്ടും സസ്പെന്‍ഡ് ചെയ്തു.
മസ്‌കിന്റെ ഇടപെടലുകള്‍ കൊണ്ട് ഉപഭോക്താക്കളും ട്വിറ്ററിനെ കയ്യൊഴിയുന്ന സ്ഥിതിയാണുള്ളത്. ‘മാസ്റ്റഡണ്‍’ എന്ന സോഷ്യല്‍ മീഡിയാ വെബ്സൈറ്റിലേക്കാണ് മിക്ക ട്വിറ്റര്‍ ഉപഭോക്താക്കളും ചേക്കേറിക്കൊണ്ടിരിക്കുന്നത്. എതിരാളിയായ ഈ സോഷ്യല്‍ മീഡിയാ സേവനത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.