മദ്യവില വർദ്ധനവ് ഇന്ന് മുതൽ പ്രബല്യത്തിൽ; സാധാരണ ബ്രാൻഡുകൾക്ക് 20 രൂപ വരെ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർദ്ധന ഇന്ന് മുതൽ പ്രബല്യത്തിൽ വന്നു. രണ്ട് ശതമാനം വിൽപ്പന നികുതിയാണ് വർദ്ധിച്ചത്. സാധാരണ ബ്രാൻഡുകൾക്ക് 20 രൂപ വരെയാണ് കൂടുക. മദ്യത്തോടൊപ്പം ബിയറിനും വെെനിനും രണ്ട് ശതമാനം വിൽപ്പന നികുതി വർദ്ധിപ്പിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സർക്കാർ മദ്യം ജവാനാണ്.
നിയമസഭ സമ്മേളനം പാസ്സാക്കിയ മദ്യവില വർദ്ധിപ്പിച്ച ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു. ജനുവരി ഒന്ന് മുതൽ ഒമ്പത് ബ്രാൻഡ് മദ്യത്തിന് വില കൂടുമെന്നായിരുന്നു അറിയിച്ചതെങ്കിലും സാധാരണ ബ്രാൻഡുകൾക്ക് മാത്രമാണ് വില വർദ്ധന ബാധകമാവുക. പുതു വർഷത്തിൽ പുതിയ വിലക്ക് വിൽക്കാനായിരുന്നു നേരത്തെ തീരുമാനം.
എന്നാൽ ഉത്തരവിൽ പുതിയ നിരക്ക് ഉടൻ നിലവിൽ വരുമെന്ന് രേഖപ്പെടുത്തിയതിനാൽ ഇന്ന് മുതൽ പുതിയ വിലക്ക് വിൽപ്പന തുടങ്ങുകയായിരുന്നു.നേരത്ത മദ്യവില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
തീരുമാനം അശാസ്ത്രീയമാണെന്നും വൻകിട മദ്യ കമ്പനികൾക്ക് വേണ്ടി സി.പി.എം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ പറഞ്ഞിരുന്നു.