മണ്ണറിഞ്ഞു വേണം കൃഷി; പാഠം പകർന്ന് പരിശീലനം

Share our post

തളിപ്പറമ്പ് : മനുഷ്യന് പഞ്ചേന്ദ്രിയങ്ങൾ പോലെയാണ് മണ്ണിന് ജൈവാംശമെന്ന് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസോഷ്യേറ്റ് ഡയറക്ടർ ഓഫ് റിസർച് ഡോ. ടി.വനജ. മലയാള മനോരമയും പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രവും ചേർന്നു കർഷകർക്കായി സംഘടിപ്പിച്ച സൗജന്യ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. വനജ.

കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. സി.കെ.യാമിനി വർമ അധ്യക്ഷത വഹിച്ചു.മലയാള മനോരമ ചീഫ് റിപ്പോർട്ടർ എൻ.പി.സി.രംജിത് പ്രസംഗിച്ചു.പ്രകൃതി സൗഹൃദ കൃഷി സംബന്ധിച്ച ക്ലാസും ഡോ. വനജ നയിച്ചു.അശാസ്ത്രീയവും വിവേചനരഹിതവുമായ വളപ്രയോഗം മണ്ണിന്റെ ജൈവാംശം പാടേ നശിപ്പിക്കും. ചെടികളുടെ രോഗലക്ഷണങ്ങൾ മാത്രം നോക്കിയല്ല മരുന്നു തളിക്കേണ്ടതെന്നും മൂലകാരണം കണ്ടെത്തിയാണ് കീടനാശിനികൾ ഉപയോഗിക്കേണ്ടതെന്നും ഡോ. വനജ ഓർമപ്പെടുത്തി.

കുരുമുളക് ചെടികൾക്കുണ്ടാകുന്ന വിവിധ രോഗങ്ങൾ, അവയ്ക്കുള്ള പരിഹാര മാർഗങ്ങൾ, മെച്ചപ്പെട്ട വിളവ് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച് കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. സി.കെ.യാമിനി വർമ ക്ലാസെടുത്തു.വാഴക്കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നിമ വിര നിയന്ത്രണം, ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവ പടന്നക്കാട് കാർഷിക കോളജിലെ കീടനിയന്ത്രണ വിഭാഗം അസി. പ്രഫസർ ഡോ. ഗവാസ് രാഗേഷ് വിശദമാക്കി.

വിളകളുടെ ആരോഗ്യത്തിന് സൂക്ഷ്മ മൂലക പോഷണം സംബന്ധിച്ച് പടന്നക്കാട് കാർഷിക കോളജിലെ മണ്ണ് ഗവേഷണ വിഭാഗം അസി. പ്രഫസർ ഡോ. എൻ.കെ.ബിനിത ക്ലാസെടുത്തു. മണ്ണ് പരിശോധിച്ച് ആവശ്യമായ അളവിൽ മാത്രമേ വളങ്ങൾ ചേർക്കാവൂ എന്ന് ബിനിത പറഞ്ഞു. കർഷകരുടെ സംശയ നിവാരണത്തിന് കൃഷി ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.

കർഷകരുടെ ചോദ്യങ്ങൾക്ക് കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. സി.കെ.യാമിനി വർമ, കുരുമുളക് ഗവേഷണ കേന്ദ്രം അസി. പ്രഫസർമാരായ ഡോ. ബി.സുധ, ഡോ. രശ്മി പോൾ, കെ.കെ.ദിവ്യ തുടങ്ങിയവർ മറുപടി നൽകി. രക്ഷാ സോപ്പ്, കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ ഉൽപന്നങ്ങളായ പാനകം കാപ്പിക്കൂട്ട്, കുരുമുളക് പപ്പടം, ജൈവപോഷകങ്ങൾ, ലഘുലേഖകൾ തുടങ്ങിയവ ഉൾപ്പെട്ട കിറ്റുകളും പങ്കെടുത്ത കർഷകർക്ക് നൽകി.

പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകളിൽ നിന്നായി 130 കർഷകർ പങ്കെടുത്തു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ കർഷകർക്കായി ജനുവരിയിൽ ഇരിട്ടിയിലും പരിശീലന പരിപാടി ഒരുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!